പ്രതിസന്ധികളിൽ സ്വർണം കരുത്താകും
കൊച്ചി: ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വം ശക്തമായതോടെ കേന്ദ്ര ബാങ്കുകളും വൻകിട ഫണ്ടുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നു. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഔൺസിന് (28.35 ഗ്രാം) 3,130 ഡോളറിലേക്ക് കുതിച്ചുയർന്നു. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന് രാജ്യാന്തര വില 2,623 ഡോളറായിരുന്നു.
കേരളത്തിൽ സ്വർണ വില ഇന്നലെ പവന് 680 രൂപ ഉയർന്ന് 68,080 രൂപയിലെത്തി റെക്കാഡിട്ടിരുന്നു. ഗ്രാമിന്റെ വില 85 രൂപ ഉയർന്ന് 8510 രൂപയിലെത്തി. ഒരു വർഷത്തിനിടെ കേരളത്തിൽ പവൻ വിലയിൽ 17,200 രൂപയുടെ വർദ്ധനയാണുണ്ടായത്. നടപ്പുവർഷം ജനുവരി ഒന്നിന് പവൻ വില 57,200 രൂപയായിരുന്നു. മൂന്ന് മാസത്തിനിടെ 10,880 രൂപയാണ് പവന് കൂടിയത്.
ആഭരണമായി വാങ്ങുന്നതിന് ഇപ്പോഴത്തെ വിലയിൽ ചരക്ക് സേവന നികുതിയും സെസും പണിക്കൂലിയും ഉൾപ്പെടെ പവൻ വില 73,000 രൂപയ്ക്കടുത്താകും.
വില വർദ്ധനയ്ക്ക് പിന്നിൽ
1. ആഗോള വ്യാപാര യുദ്ധ ആശങ്കയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂടുന്നു
2. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് ഇറക്കുമതി ചെലവ് കൂട്ടുന്നു
3. ഡോളറിന് പകരമായി വിദേശ നാണയ ശേഖരത്തിൽ കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം ഉയർത്തുന്നു
ട്രംപ് വഴങ്ങിയാൽ വില താഴും
പകരച്ചുങ്കം ഏർപ്പെടുത്തുന്ന തീരുമാനത്തിൽ ഡൊണാൾഡ് ട്രംപ് വിട്ടുവീഴ്ചകൾ നടത്തിയാൽ സ്വർണ വില താഴ്‌ന്നേക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കുതിപ്പിൽ നിന്ന് ലാഭമെടുക്കാൻ നിക്ഷേപകർ ഒരുങ്ങിയാലും വില കുറയാൻ ഇടയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |