ടെൽ അവീവ്: ഗാസയിൽ കരയാക്രമണം വ്യാപിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഇസ്രയേൽ. ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്ത് സെക്യൂരിറ്റി സോണിലേക്ക് കൂട്ടിച്ചേർക്കാനാണ് തീരുമാനം. ഗാസയുടെ വിവിധയിടങ്ങളിൽ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗ്ഗം ഹമാസിനെ ഇല്ലാതാക്കുകയും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയുമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. തെക്കൻ ഗാസയിലെ റാഫയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു തുടങ്ങി. എത്രത്തോളം പ്രദേശം ഇസ്രയേൽ പിടിച്ചെടുക്കുമെന്നോ നടപടി സ്ഥിരമാണോ എന്നും ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല.
ഗാസയ്ക്ക് ചുറ്റും സൃഷ്ടിച്ച ബഫർ സോണിന്റെ ഭാഗമായി, ഏകദേശം 62 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിന്റെ (ഗാസയുടെ മൊത്തം വിസ്‌തൃതിയുടെ 17 ശതമാനം) നിയന്ത്രണം ഇസ്രയേൽ ഇതിനോടകം പിടിച്ചെടുത്തെന്നാണ് വിവിധ സംഘടനകൾ പറയുന്നത്.
അതേ സമയം, ഇന്നലെ ഗാസയിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 68 പേർ കൊല്ലപ്പെട്ടു. ഇതിൽ കുട്ടികൾ അടക്കം 22 പേർ ജബലിയയിലെ യു.എൻ ക്ലിനിക്കിലുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരാണ്. അഭയാർത്ഥികൾക്കുള്ള താത്കാലിക ഷെൽട്ടറായി പ്രവർത്തിക്കുകയായിരുന്നു ക്ലിനിക്ക്.
എന്നാൽ ഇവിടം ഹമാസിന്റെ കമാൻഡ് സെന്ററായിരുന്നെന്ന് ഇസ്രയേൽ ആരോപിച്ചു. ആരോപണം ഇസ്രയേലിന്റെ കെട്ടുകഥ മാത്രമാണെന്ന് ഹമാസ് പ്രതികരിച്ചു. 2023 ഒക്ടോബർ മുതൽ തുടരുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ ആകെ എണ്ണം 50,420 പിന്നിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |