ശത്രുരാജ്യങ്ങൾക്ക് നേരിട്ടുള്ള ആക്രമണം നടത്താൻ കഴിയുന്നത് മൂന്ന് വഴികളിലൂടെയാണ്. കര, സമുദ്രം, ആകാശം എന്നിവയാണവ. അത് നേരിടുന്നതിനാണ് കര, നാവിക, വ്യോമ സേനകൾ ഓരോ രാജ്യവും സജ്ജമാക്കുന്നത്. നമ്മുടെ യുവതലമുറയെ തകർക്കാൻ ഉദ്ദേശിച്ച് കടത്തുന്ന രാസലഹരികളും ഈ മൂന്ന് വഴികളിലൂടെയാണ് എത്തുന്നത്. അതിനാൽ ഇതിന്റെ വിതരണ ഉറവിടത്തിൽത്തന്നെ ഇത് കണ്ടെത്തി പിടികൂടാൻ കരയിൽ മാത്രം പ്രവർത്തിക്കുന്ന നമ്മുടെ എക്സൈസിനെക്കൊണ്ട് കഴിയില്ല. നമ്മുടെ രാജ്യത്തിന്റെ മൂന്നിലൊന്നു ഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ടതാകയാൽ മയക്കുമരുന്നുകൾ ഏറ്റവും കൂടുതൽ വരുന്നത് ആ വഴി തന്നെയാണെന്ന് ഊഹിക്കാം. വിമാനത്താവളങ്ങളിലും മറ്റും പരിശോധന കർശനമായതിനാൽ വലിയ അളവിലുള്ള മയക്കുമരുന്നുകൾ കടത്താൻ പ്രയാസമാണ്. അതേസമയം കരയിലൂടെയും സമുദ്രത്തിലൂടെയുമാണ് കേരളത്തിലേക്ക് മയക്കുമരുന്നിന്റെ ഏറിയ പങ്കും വരുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേന നടത്തിയ ഒരു മിന്നൽ ഓപ്പറേഷനിൽ 2507 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. കസ്റ്റഡിയിലുള്ള പ്രതികളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇനി പുറത്തുവന്നാൽത്തന്നെ അവരൊക്കെ ഇത് മറ്റു രാജ്യങ്ങളിലിരുന്ന് നിയന്ത്രിക്കുന്ന ലഹരി രാജാക്കൻമാരുടെ ജോലിക്കാർ മാത്രമായിരിക്കും. ഇവർ ഇത് ആർക്കുവേണ്ടി കൊണ്ടുവന്നു എന്നതാണ് യഥാർത്ഥത്തിൽ കണ്ടെത്തേണ്ടത്. അതിനു പകരം ഈ രാസവസ്തു വാങ്ങി ഉപയോഗിച്ചവരിലേക്കു മാത്രം അന്വേഷണം ഒതുങ്ങുന്നത് ഫലത്തിൽ അന്വേഷണം അട്ടിമറിക്കാൻ തന്നെ ഇടയാക്കുന്നതാണ്. ഒന്നാമത് കോടതിയുടെ മുന്നിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇതൊക്കെ അവതരിപ്പിക്കാനാവൂ. അതിന്റെ അഭാവത്തിൽ പലരും കേസിന്റെ അവസാനം കുറ്റമുക്തരാകുന്നതാണ് സാധാരണ സംഭവിച്ചുവരുന്നത്. സിനിമാക്കാരുടെയും മറ്റും പേരുകൾ ഉൾപ്പെട്ടാൽ കേസിന് വലിയ വാർത്താപ്രാധാന്യം ലഭിക്കുമെങ്കിലും കേസ് അവസാനം നനഞ്ഞ വെടിപോലെ ആവുകയും ഇതിന്റെ മറവിൽ യഥാർത്ഥ പ്രതികൾ രക്ഷപ്പെടുകയും, അവർ ഈ രംഗത്തു തന്നെ പൂർവാധികം ശക്തിയോടെ ഒരു ഇടവേളയ്ക്കുശേഷം തിരിച്ചുവരുകയും ചെയ്യും.
കടലിൽ നിന്ന് നാവികസേന പിടികൂടിയത് 2386 കിലോഗ്രാം ഹഷീഷും 121 കിലോ ഹെറോയിനുമാണ്; ലഹരി മാർക്കറ്റിൽ ഹെറോയിൻ കിലോഗ്രാമിന് 5 കോടി രൂപയാണ് വില. ഹഷീഷ് കിലോഗ്രാമിന് 10 മുതൽ 15 ലക്ഷം വരെയും. യുദ്ധക്കപ്പലായ ഐ.എൻ.എസ് തർകശിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷനിൽ നാവികസേനയുടെ പി 8 ഐ നിരീക്ഷണ വിമാനവും മുംബയിലെ മാരിടൈം ഓപ്പറേഷൻസ് സെന്ററും പങ്കാളികളായി. സംശയം തോന്നിയ ബോട്ടിലേക്ക് മറീൻ കമാൻഡോകൾ ചെറിയ യാനത്തിൽ പോയി പരിശോധന നടത്തുകയായിരുന്നു. ബോട്ട് ജീവനക്കാരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം സംസ്ഥാന എക്സൈസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയും ഇതിന് സമാന്തരമായി നടന്നു. രണ്ട് കോടിയിലേറെ രൂപ വിലയുള്ള മൂന്ന് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശിനി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന), സഹായിയും ഡ്രൈവറുമായ ആലപ്പുഴ സ്വദേശി കെ. ഫിറോസുമാണ് അറസ്റ്റിലായത്.
മുൻപ് ലഹരിക്കേസിൽ ഉൾപ്പെട്ട യുവനടൻ അടക്കം മൂന്ന് ചലച്ചിത്ര താരങ്ങളുമായും മറ്റ് പ്രമുഖരുമായും ബന്ധമുണ്ടെന്നും ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും യുവതി മൊഴി നൽകിയതായാണ് വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. മതിയായ തെളിവുകളില്ലാതെ ആരെയും സംശയത്തിന്റെ നിഴലിൽ നിറുത്താനുള്ള ശ്രമം അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. ആരുമറിയാതെ വൻ തുകകൾ കൈക്കൂലിയായി കൈമറിയാൻ ഇത്തരം സംഭവങ്ങൾ മുൻപ് ഇടയാക്കിയിട്ടുണ്ട്. കരയിലും സമുദ്രത്തിലും ആകാശത്തിലൂടെയും ലഹരിക്കെതിരെ സംയുക്തമായി നീങ്ങാനുള്ള ഒരു സംവിധാനം രൂപപ്പെടുത്തേണ്ടതിനെക്കുറിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആലോചിച്ചു തുടങ്ങേണ്ടതിലേക്ക് കൂടിയാണ് ഈ വൻ ലഹരി മരുന്ന് വേട്ടകൾ വിരൽചൂണ്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |