SignIn
Kerala Kaumudi Online
Monday, 05 October 2026 12.19 AM IST

ഹിന്ദു ദമ്പതികളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല, 'പണി' നൽകിയത് പെൺകുട്ടിയുടെ പേര്,സംഭവം ഗുരുവായൂരിൽ

marriage-guruvayur

തൃശൂർ:ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹിതരായ ദമ്പതികളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല. ഗുരുവായൂർ നഗരസഭയിലാണ് സംഭവം. ഹിന്ദു ദമ്പതികളുടെ മകളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്ന വേളയിൽ, വധുവിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് തോന്നിയ ആശയക്കുഴപ്പമാണ് പൊല്ലാപ്പുണ്ടാക്കിയത്. വധുവിന്റേത് ക്രിസ്ത്യൻ പേരാണ് എന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥർ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകാതിരുന്നത്.

കഴിഞ്ഞ മാസം 24നായിരുന്നു അന്തരിച്ച പ്രമുഖ മാദ്ധ്യമപ്രവർത്തകൻ കെ. ജയചന്ദ്രന്റെയും അഭിഭാഷകയായ ആനന്ദകനകത്തിന്റെയും മകൾ ക്രിസ്റ്റീന എമ്പ്രസിന്റെ വിവാഹം. ദീപക് രാജാണ് വരൻ. വിവാഹവും സൽക്കാരവുമൊക്കെ കഴിഞ്ഞ് രജിസ്റ്റർ ചെയ്യാൻ എത്തിയ വേളയിലാണ് പേരിനെച്ചൊല്ലി വിവാദമുണ്ടായത്. ഗുരുവായൂരിലെ സാംസ്കാരിക പ്രവർത്തകനായ വേണു എടക്കഴിയൂരാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അച്ഛൻ: പ്രമുഖ മാധ്യമ പ്രവർത്തകൻ, അകാലത്തിൽ അന്തരിച്ച കെ ജയചന്ദ്രൻ; 'അമ്മ: കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകം. മകളുടെ പേര്: ക്രിസ്റ്റീന എമ്പ്രെസ്സ്. വരൻ: ദീപക് രാജ്. വിവാഹം നടന്നത് ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ ആഗസ്ത് 24, 2019. വിവാഹ സൽക്കാരം: ഔട്ടർ റിങ് റോഡിലെ ഗോകുലം ശബരിയിൽ; പിന്നെ കോഴിക്കോടും ഉണ്ടായിരുന്നു. കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത് ഇന്ന് അവർ ഗുരുവായൂർ നഗരസഭയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ വന്നപ്പോഴായിരുന്നു. ജയന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ഞാനായിരുന്നു സാക്ഷി.

രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥൻ വധുവിന്റെ പേരിൽ ഉടക്കി. ക്രിസ്റ്റീന എന്നത് ക്രിസ്ത്യൻ പേരാണ്; ഇത് ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ പറ്റില്ല. അതല്ല, അങ്ങനെവേണമെങ്കിൽ ക്രിസ്റ്റീന ഹിന്ദുവാണ് എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
രേഖകൾ അപ്പോൾ അവരുടെകയ്യിൽ ഇല്ല. എസ് എസ്‌ എൽ സി സെർട്ടിഫിക്കറ്റിൽ ഹിന്ദു എന്ന് ചേർത്തിട്ടുണ്ട്; (അത് പാടില്ല എന്ന് ജയൻ വാശിപിടിച്ചിട്ടും സ്കൂൾ അധികാരികൾ അത് ചേർത്തുകയായിരുന്നു എന്ന് ആനന്ദകനകം)

വിവരം കൗൺസിലറും സുഹൃത്തുമായ സുരേഷ് വാര്യരോട് പറഞ്ഞുനോക്കി, അയാൾ സെക്ഷനിലെ ഒരാളുമായി സംസാരിക്കുകയും ചെയ്തു; നടന്നില്ല. പിന്നെ പലരോടും പറഞ്ഞുനോക്കി; ഒന്നും നടന്നില്ല, അവർ തിരിച്ചു കോഴിക്കോട്ടേക്ക് പോയി. ഇനി മറ്റൊരു ദിവസം വരും.
മത നിരപേക്ഷമായി പ്രവർത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാതി പറയുന്നു; പറയിപ്പിക്കുന്നു എന്നതാണ് ഇവിടുത്തെ കാതലായ പ്രശ്നം. നിങ്ങൾ ഹിന്ദുവാണെങ്കിൽ ഹിന്ദുക്കളുടെ പേര് ഇടണം (അവ ഏതൊക്കെ എന്ന് പക്ഷെ ആർക്കും അറിയില്ല; പ്രത്യക്ഷത്തിൽ ഹിന്ദു പേരാണ് എന്ന് ബോധ്യപ്പെട്ടാൽ മതി എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം!) അതാണ് റൂൾ, അതിൽ കടുകിട മാറ്റം വരുത്താൻ ആർക്കും ആകില്ല!

ഇത്തരം അസംബന്ധങ്ങളായ നിയമ ങ്ങൾ മാറ്റാൻ എന്തുകൊണ്ട് ഇടത് പക്ഷം ശ്രമിക്കുന്നില്ല? (പല ജനപ്രതിനിധികൾക്കും ഒരു നിയമവും അറിയില്ല, അവർ ഉദ്യോഗസ്ഥർ പറയുന്നത് അപ്പാടെ ശരിവെക്കുന്നു; ജനകീയ ഭരണമാണ് എന്ന് പറയുന്നത് ഭംഗി വാക്ക് പറയലാണ്; നടക്കുന്നത് അന്തവും കുന്തവുമില്ലാത്ത ഉദ്യോഗസ്ഥരുടെ ഭരണമാണ്!

വകുപ്പ് മന്ത്രിയുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ട വിഷയമാണ് ഇത്. ദയവായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കൊണ്ട് ജാതി ചോദിപ്പിക്കരുത്; പറയിപ്പിക്കരുത്. നവോത്ഥന മൂല്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സർക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് ഇത്! (ഇക്കാര്യം അറിഞ്ഞു രണ്ടു ലാർജ്ജ് വെള്ളം ചേർക്കാതെ അടിച്ചു ജയൻ ഇപ്പോൾ എവിടെയോ ഇരുന്ന് ചിരിക്കുന്നുണ്ടാകും!)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARRIAGE REGISTRATION, GURUVAYUR, MARRIAGE, FACEBOOK POST, BRIDE NAME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA