പാലാ : രാമപുരം റൂട്ടിലും കിഴതടിയൂർ ബൈപ്പാസിലും ബസ് , കാൽനട യാത്രക്കാർക്ക് ഇഞ്ചപ്പടർപ്പിലൂടെ യാത്ര ചെയ്യാം. പക്ഷേ അത്ര സുഖകരമല്ലയിത്. ശരീരത്തിൽ ചോര പൊടിഞ്ഞ് വേദന കൊണ്ട് പുളയാനാണ് വിധി.
മുണ്ടുപാലത്തിങ്കലെ പാലത്തോടു ചേർന്നുള്ള വളവിൽ സ്ഥിതിഗതികൾ ഏറെ രൂക്ഷമാണ്. ഇവിടെ പലപ്പോഴും ബസിന്റെ സൈഡിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്കാണ് കെണി. ബസ് വളവ് തിരിഞ്ഞു വരുമ്പോഴാണ് ഓർക്കാപ്പുറത്ത് യാത്രക്കാർ ഇഞ്ചമുൾപ്പടർപ്പിൽപ്പെടുന്നത്. മാറാൻ സമയം കിട്ടുംമുൻപേ ദേഹവും വസ്ത്രവും ഇഞ്ചമുള്ളിലുടക്കും. കഴിഞ്ഞദിവസം രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് മുറിവേറ്റു. ഫുട്പാത്തിലേക്ക് തള്ളി നിൽക്കുന്ന നിലയിലാണ് ഇവ. പുലർച്ചയും മറ്റും വ്യായാമത്തിന് ഇറങ്ങുന്നവരും സൂക്ഷിച്ചാണ് നടന്നുപോകുന്നത്. കഴിഞ്ഞ ദിവസത്തെ കാറ്റിലും, മഴയിലും ഇഞ്ചത്തലപ്പുകൾ റോഡിലേക്ക് കൂടുതൽ വളഞ്ഞ് കിടക്കുകയാണ്. എന്നിട്ടും യഥാസമയം ഇവ വെട്ടി നീക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകുന്നില്ല.
ഇഞ്ച സമരവുമായി പൗരസമിതി
മുണ്ടുപാലത്തെയും, ബൈപ്പാസിലെയും ഇഞ്ചപ്പടർപ്പുകൾ എത്രയും വേഗം വെട്ടി നീക്കിയില്ലെങ്കിൽ നഗരസഭാ ഓഫീസിന് മുന്നിൽ ഇഞ്ചക്കമ്പുമായി സമരം നടത്തുമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കലിന്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് നഗരസഭാ ചെയർമാൻ തോമസ് പീറ്ററിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |