ഈ വർഷം 427 പരിശോധന, 8.93 ലക്ഷം പിഴ
കോട്ടയം : മാലിന്യമുക്ത ജില്ല എന്ന സ്വപ്നവുമായി സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും നടപടികൾ കർശനമാക്കിയതോടെ മാലിന്യം വലിച്ചെറിയുന്നവർ കൊടുക്കേണ്ടിവരുന്നത് വലിയ വില. 2024 -2025 കാലയളവിൽ ജില്ലയിൽ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിലൂടെ 36.91 ലക്ഷം രൂപ പിഴയിട്ടു. ഈവർഷം ഇതുവരെ 8.93 ലക്ഷം രൂപ. മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി രണ്ടുവർഷം കൊണ്ട് 5375.44 ടൺ മാലിന്യങ്ങളാണ് ജില്ലയിൽനിന്ന് ഇതുവരെ നീക്കം ചെയ്തത്. 1049.77 ടൺ പുനരുപയോഗിക്കാവുന്ന മാലിന്യവും പുനരുപയോഗസാദ്ധ്യമല്ലാത്ത 3623.42 ടൺ മാലിന്യവും 31.57 ടൺ ഇമാലിന്യവും 625.72 ടൺ കുപ്പിച്ചില്ലുകളും 44.94 ടൺ ആക്രി സാധനങ്ങളും നീക്കം ചെയ്തു. മാലിന്യ ശേഖരണത്തിനായി 816 പൊതു ബിന്നുകളും 700 ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. 464 പൊതു ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുമുണ്ട്. 16 റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ പ്രവർത്തിക്കുന്നു. മാലിന്യശേഖരണത്തിനും തരംതിരിക്കലിനുമായി 2403 ഹരിതകർമ്മസേനാംഗങ്ങളുണ്ട്.
മാലിന്യമുക്ത ജില്ല പ്രഖ്യാപനം നാളെ
ജില്ലയെ മാലിന്യമുക്തമായി നാളെ പ്രഖ്യാപിക്കും. തിരുനക്കര മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ മന്ത്രി വി.എൻ. വാസവനാണ് പ്രഖ്യാപനം നടത്തുക. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ശുചിത്വ സന്ദേശം നൽകും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാശനം ചെയ്യും.
ഇതോടനുബന്ധിച്ച് നടത്തുന്ന മാലിന്യമുക്ത ഉപാധികളുടെ പ്രദർശനവും ചിത്രരചന മത്സരവും രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് വളപ്പിൽ നിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് അവസാനിക്കുന്ന വിളംബരറാലി ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഫ്ലാഗ് ഒഫ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |