SignIn
Kerala Kaumudi Online
Saturday, 26 July 2025 10.15 AM IST

ആദിവാസികൾക്ക് വിനയാകുന്ന പോക്സോ ആക്ട് !

Increase Font Size Decrease Font Size Print Page
govind

2014ൽ നടന്ന സംഭവമാണ്. പെൺസുഹൃത്ത് ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷത്തോടെയാണ് അവളെയും കൂട്ടി കാമുകൻ മീനങ്ങാടിയിലെ ആരോഗ്യ കേന്ദ്രത്തിലെത്തിയത്. കുട്ടിയെ വളർത്തണം. ആദിവാസി സമുദായ ആചാര പ്രകാരം തന്നെ വിവാഹിതരായി ജീവിക്കണം. അങ്ങനെ കുറെ ലക്ഷ്യങ്ങളുമായാണ് ഇരുവരും ആരോഗ്യ കേന്ദ്രത്തിലെത്തിയത്. വയസ് ചോദിച്ചപ്പോൾ പെൺകുട്ടിക്ക് 18 തികഞ്ഞില്ലെന്ന് ഡോക്ടർക്ക് മനസിലായി. യുവാവിന് 19 വയസും. ഡോക്ടർ വിവരം പൊലീസിനെ അറിയിച്ചു. അമ്പലവയൽ പൊലീസ് ക്രൈംനമ്പർ 499/2014 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ ആക്ട് 2012 (പോക്സോ -Protection of Children from Sexual Offences Act ) പ്രകാരം കേസായി. പോക്സോ കോടതിയുടെ നടപടി വന്നു. അങ്ങനെ യുവാവിന് കണ്ണൂർ ജയിലിൽ കിടക്കേണ്ടി വന്നു. മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടലിലൂടെ പുറത്തിറങ്ങിയപ്പോൾ ഇരുവീട്ടുകാരും ചേർന്ന് വിവാഹം നടത്തിക്കൊടുത്തു. ഇവരുടെ മൂത്ത കുട്ടിക്ക് ഇപ്പോൾ പത്ത് വയസ് കഴിഞ്ഞു. ഇനി ആറാം ക്ളാസിലേക്ക്. മറ്റൊരു കുട്ടിയുമുണ്ട്. നിലവിൽ കേസ് ഇപ്പോഴും ഹൈക്കോടതിയിലാണ്. യുവാവ് പ്രതിയും യുവതി ഇരയുമായ കേസിൽ ശിക്ഷയിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കേസ്!

കൽപ്പറ്റ സ്റ്റേഷനിൽ

ഗോകുലിന്റെ ആത്മഹത്യ

ഇതേ അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ തന്നെ അടുത്തിടെ സമാന രീതിയിലുള്ള മറ്റൊരു സംഭവവും നടന്നു. നെല്ലാറച്ചാൽ പുതിയപാടി വീട്ടിൽ ചന്ദ്രന്റെയും ഓമനയുടെയും മകൻ ഗോകുൽ(17) പെൺസുഹൃത്തിനൊപ്പം വീട്ടിൽ നിന്ന് ഇറങ്ങി. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ 26ന് അമ്പലവയൽ പൊലീസിന് പരാതിയും ലഭിച്ചു. അന്വേഷണം നടക്കുന്നതിനിടെ ഇരുവരെയും കോഴിക്കോട് നിന്നു പൊലീസ് പിടികൂടി. കൈവശമുണ്ടായിരുന്ന പണം തീർന്നപ്പോൾ നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസിനോട് സഹായം ചോദിച്ചതാണ് ഇരുവർക്കും വിനയായത്. നേരെ വനിതാ സെല്ലിൽ എത്തിച്ചശേഷം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വൈദ്യപരിശോധനയും നടത്തി. പിന്നീട് ഇരുവരെയും തിങ്കളാഴ്ച രാത്രിയോടെ കൽപ്പറ്റ സ്റ്റേഷനിൽ എത്തിച്ചു. വിവരം വീട്ടുകാരെ അറിയിച്ചു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കൽപ്പറ്റയിലെ സഖി സെന്ററിൽ പാർപ്പിച്ചപ്പോൾ ഗോകുലിനെ കസ്റ്റഡിയിലും വച്ചു.

ചൊവ്വാഴ്ച രാവിലെ പൊലീസിന്റെ അനുവാദത്തോടെ ശൗചാലയത്തിലേക്ക് പോയ ഗോകുൽ തിരികെ വരാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചപ്പോഴാണ് ധരിച്ചിരുന്ന ഫുൾക്കൈ ഷർട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കൾ മകനെ ഇറക്കാനായി ആധാർ കാർഡ് അടക്കമുളള രേഖകളുമായി വന്നപ്പോഴാണ് മരണവിവരം അറിയുന്നത്.

കേസിൽ തലേന്ന് ഗോകുലിന്റെ വിവരങ്ങൾ തിരക്കാൻ വീട്ടിലെത്തിയ പൊലീസുകാർ അയൽവാസികളോടും മറ്റും ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചതെന്നും പരാതിയുണ്ട്. അവനെ കൈയിൽ കിട്ടിയാൽ പുറം ലോകം കാണിക്കില്ലെന്ന് ഭീഷണി മുഴക്കിയാണ് പൊലീസുകാർ പോയതെന്ന് ഉന്നതിയിലെ അയൽവാസി ബിന്ദു പറഞ്ഞു.

ആധാർ പ്രകാരം ഗോകുലിന്റെ വയസ് 2007 മേയ് 30ആണ്. അതനുസരിച്ച് പതിനെട്ട് തികയാൻ രണ്ട് മാസം കൂടി വേണം. അങ്ങനെയുള്ള ഗോകുലിനെ എന്തിന് പൊലീസ് സ്റ്റേഷൻ കസ്റ്റഡിയിൽ വച്ചു? പോക്സോ നിയമപ്രകാരവും ഇത് തെറ്റാണ്. പോക്സോ കേസിൽ പ്രതിചേർക്കാൻ വേണ്ടിയാണ് ഗോകുലിനെ പൊലീസ് സ്റ്റേഷനിൽ ഇരുത്തിയത്. രാത്രിതന്നെ ഗോകുലിന്റെ വയസ് അന്വേഷിച്ച് വ്യക്തത വരുത്താനുള്ള സംവിധാനം ഇന്നുണ്ട്. പൊലീസ് അതിനൊന്നും മുതിർന്നില്ല.

ഗോകുൽ മരിക്കാനിടയായ സംഭവമെന്താണ്? സി.സി.ടിവി ദൃശ്യങ്ങളടക്കം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. ഗോകുലിന് പൊലീസുകാരിൽ നിന്ന് മാനസിക പീഡനം നേരിട്ടുവോ?പോക്സോ കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയോ? തുടങ്ങിയ ചോദ്യങ്ങൾക്കും ഉത്തരം കിട്ടാനുണ്ട്. പത്താം ക്ളാസ് പഠനത്തിന് ശേഷം പ്ളസ് വൺ അഡ്മിഷൻ കിട്ടിയെങ്കിലും സഹോദരന്മാരൊടൊപ്പവും അല്ലാതെയും ഗോകുൽ കൂലിപ്പണിക്ക് പോയിരുന്നു. അടക്ക പറിക്കലാണ് മുഖ്യ ജോലി.

നിയമത്തെക്കുറിച്ചുള്ള

അജ്ഞത

പെൺസുഹൃത്തിന്റെ വയസിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സ്കൂൾ രേഖകളിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നാണ് വിവരം. 2006 മാർച്ച് 4നാണ് പെൺകുട്ടിയുടെ ജനന തീയതി. എന്നാൽ ആധാർ കാർഡിൽ 2007 ഒക്ടോബർ 12 എന്നും കാണുന്നു. പൊതുവെ ആദിവാസികൾക്ക് വയസ് പറയാൻ അറിയില്ല. വയനാട്ടിലെ പൊതുവെയുളള പ്രശ്നമാണിത്. സ്കൂളിൽ ചേർക്കുമ്പോഴും മിക്കപ്പോഴും അദ്ധ്യാപകരാണ് അവരുടെ ജനന തീയതി കുറിക്കുന്നത്. നാല് വയസായ കുട്ടികളെപ്പോലും അഞ്ച് വയസായെന്ന് കാണിച്ച് സ്കൂളിൽ ചേർക്കാറുണ്ട്. ജീവിത പ്രാരാബാദ്ധങ്ങൾക്കിടയിൽ രക്ഷിതാക്കൾക്ക് വയസ് ഓർത്തുവയ്ക്കാനും മിക്കപ്പോഴും കഴിഞ്ഞെന്ന് വരില്ല. പോക്സോ ആക്ട് ആദിവാസികൾക്ക് തന്നെ വിനയാകുന്നു എന്നതാണ് വയനാട്ടിൽ നിന്നുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നത്. 2017ൽ വൈത്തിരി ജയിലിൽ 36 വിചാരണ തടവുകാരിൽ 27 പേരും ആദിവാസികളായിരുന്നു. ആദിവാസികളിൽ പരമ്പരാഗതമായി ചെറിയ വയസിൽ തന്നെ വിവാഹിതരാകുന്നതാണ് പതിവ്. പോക്സോ ആക്ട് ഇത് അനുവദുക്കുന്നില്ല. ഇപ്രകാരമാണ് ആദിവാസികൾ ജയിലിൽ പോകേണ്ടി വരുന്നത്. പോക്സോ ആക്ട് സംബന്ധിച്ച് ബോധവത്ക്കരണമാണ് ഇവരുടെ ഇടയിൽ നടത്തേണ്ടത്. ഇങ്ങനെയൊരും നിയമം ഉള്ളതു തന്നെ ആദിവാസികളിൽ പലർക്കുമറിയില്ല. പെൺകുട്ടികൾ വയസറിയിച്ച് കഴിഞ്ഞാൽ വിവാഹിതരാകാമെന്ന എന്ന പഴയ സമുദായ ആചാരം ഇപ്പോഴും വയനാട്ടിൽ പല ഉന്നതികളിലും തുടരുന്നുണ്ട്.

കേസിൽ ഇനിയെന്ത്?​

ഗോകുലിന്റെ ആത്മഹത്യയോടെ വയനാട്ടിൽ നിന്ന് വൻ പ്രതിഷേധമാണ് നാനാ മേഖലകളിൽ നിന്നുയരുന്നത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നടപടിയും ആദ്യഘട്ടത്തിൽ ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇന്നലെ കേസിന്റെ ഭാഗമായി എ.എസ്.ഐ ദീപ, സി.പി.ഒ ശ്രീജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്തു. പൊലീസിന്റെ ഭാഗത്തു നിന്ന് ജാഗ്രതക്കുറവായി എന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കസ്റ്റഡിയിലെടുത്ത കുട്ടിയെ പുലരുവോളം പൊലീസ് സ്റ്റേഷനിൽ ഇരുത്തിയ നടപടി അങ്ങേയറ്റം തെറ്റാണെന്ന് ഇവിടെ ആർക്കും അറിയാം. അപ്പോൾ ഇതൊരു കസ്റ്റഡി മരണമായി മാറും. ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ഏവരും ആവശ്യപ്പെടുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയെന്ന കേസിൽ പ്രതിയാകുമോ എന്ന ഭയത്തിൽ ആകാം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ എഫ്. ഐ.ആറിലുളളത്.

ക്രൈംബ്രാഞ്ചാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻകുട്ടി സ്റ്റേഷനിലെത്തി പ്രാഥമിക പരിശോധന നടത്തി. അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ടുകളും കൈമാറിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഉത്തരമേഖലാ ഡി.ഐ.ജിക്ക് കൈമാറിയ റിപ്പോട്ടിൽ പൊലീസിന് ജാഗ്രതാ കുറുവുണ്ടായെന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പൊലീസ് കംപ്ളൈയ്ന്റ് അതാേറിട്ടിയും പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തി. ചെയർമാൻ ജസ്റ്റിസ് വി.കെ മോഹനനാണ് പൊലീസ് സ്റ്റേഷനിലെത്തി പരിശോധിച്ചത്.

TAGS: WAYANAD, GOKUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.