ആലപ്പുഴ: പോട്ടിക്കറിക്ക് പോത്തിന്റെ ആമാശയവും കുടലും. കാലും നട്ടെല്ലും തലയുമുൾപ്പെട്ട വിവിധ സൂപ്പ് പായ്ക്കറ്റുകൾ. ആണാടിന്റെ ഇറച്ചി ഉൾപ്പടെ സ്പെഷ്യൽ വിഭവങ്ങൾ തുടങ്ങി മൂല്യവർദ്ധിത ഉത്പന്നങ്ങളുമായി നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻമീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ(എം.പി.ഐ).
പുതുതായി ഡസൻ കണക്കിന് ഫ്രാഞ്ചൈസികൾക്ക് അനുമതി നൽകിയ എം.പി.ഐ, പുത്തൻ ബ്രാൻഡുകളും ഉത്പന്നങ്ങളും ഉടൻ വിപണിയിലെത്തിക്കും. എടയാറിലെ പ്ളാന്റിന് പുറമെ കൊല്ലത്തെ നിർമ്മാണ യൂണിറ്റിന്റെ കൂടി സഹായത്തോടെയാണ് ഉത്പാദനം.
ചിക്കൻ, താറാവ്, മട്ടൻ, ബഫല്ലോ, ബീഫ്, പോർക്ക്, മുയൽ, വിവിധയിനം നാടൻ കോഴികൾ തുടങ്ങിയവയുടെ ഇറച്ചികളായിരുന്നു തുടക്കത്തിൽ വിറ്റഴിച്ചിരുന്നത്. കേരളത്തിനാവശ്യമായ ഉരുക്കളെ ലഭ്യമല്ലാത്തതിനാൽ അയൽസംസ്ഥാനങ്ങളിൽ നിന്ന് അവയെ കൊണ്ടുവന്ന് ഇറച്ചിയാക്കിയതോടെ എം.പി.ഐ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതിൽ നിന്ന് സ്ഥാപനത്തെ ലാഭത്തിലെത്തിക്കുകയാണ് പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്
മൂല്യവർദ്ധിത ഇറച്ചി ഉത്പന്നങ്ങൾ ബ്രാൻഡ് ആകുന്നു
ആടുമാടുകളെ ഇറച്ചിയാക്കി വിൽക്കുന്നതിലുപരി ഓരോ ഇനത്തെയും ഗുണനിലവാരം അനുസരിച്ച് ബ്രാന്റഡ് ആക്കുകയാണ് പുതിയ തന്ത്രം.
ഹോട്ടലുകളിലും മറ്റും ഡിമാൻഡുള്ള ആണാടിന്റെ ഇറച്ചി, നാലുകാലുകളും നട്ടെല്ലും തല ഉൾപ്പെടെയുള്ള പീസുകളടങ്ങിയ സൂപ്പ് പായ്ക്കറ്റ്, നാടൻ കോഴി ഇറച്ചി, നാടൻ താറാവിറച്ചി, ഇടിയിറച്ചി, പോത്തിന്റെ പോട്ടിക്കറി പായ്ക്കറ്റ് എന്നിവയെല്ലാം എം.പി.ഐ ബ്രാൻഡിൽ ഔട്ട് ലെറ്റുകളിലെത്തിക്കും.
ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് മട്ടനുൾപ്പെടെ വിലകൂടിയ ഇറച്ചി വാങ്ങുന്നവർക്ക് മറ്റേതെങ്കിലും ഉത്പന്നങ്ങൾ സൗജന്യമായി നൽകുന്ന കോംബോ ഓഫറുകൾ നടപ്പിലാക്കും. നിലവിൽ അഞ്ച് ഡസലിനധികം ഫ്രാഞ്ചൈസികളുണ്ട് .
പ്രോട്ടീൻ സമൃദ്ധമായ ചിക്കൻ ബ്രെസ്റ്റ് മീറ്റ് പ്രത്യേക പായ്ക്കറ്റിൽ
ചിക്കനും മട്ടനും ബീഫും ഉപയോഗിച്ച് കട്ലറ്റുകൾ, വിവിധ ഇനം സോസേജുകൾ, സ്ളൈസസ്, ബൈറ്റ്സ്,സലാമി, ഡ്രംസ്റ്റിക്ക്, ചിക്കൻഫിംഗർ, ചിക്കൻ പോപ്സ് എന്നിവ
ബീഫ് ഫ്രൈയും ചിക്കൻ ഫ്രൈയുമുൾപ്പെടെ റെഡി ടു ഈറ്ര് വിഭവങ്ങൾ
അരുമകളായ നായകൾക്കും പൂച്ചകൾക്കും പാചകം ചെയ്ത് നൽകാവുന്ന മീറ്റ് പായ്ക്കറ്റുകൾ ആലോചനയിൽ
എം.പി.ഐയെ ലാഭകരവും ജനകീയവുമാക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഉത്പന്നങ്ങളാകും മാർക്കറ്റിലെത്തിക്കുക. ഫ്രാഞ്ചൈസികളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഈസ്റ്റർ- വിഷുക്കാലം മുതൽ കോമ്പോ ഓഫറുൾപ്പെടെയുള്ള പുതിയ പ്ളാൻ നടപ്പാക്കും.
മാർക്കറ്റിംഗ് വിഭാഗം,
എം.പി.ഐ, ഇടയാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |