കൊച്ചി: നടൻ പൃഥ്വിരാജിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഓവർസീസ് ഇടപാട് ഉൾപ്പടെയുളള സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. 2022ൽ ദുബായിൽ വച്ച് മോഹൻലാലിന് നൽകിയ രണ്ടരക്കോടി രൂപയുടെ കാര്യത്തിലും വ്യക്തത വരുത്തണമെന്നും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആന്റണിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ആദായ നികുതി വകുപ്പ് ആന്റണിക്ക് നോട്ടീസ് അയച്ചത്. ഈ മാസം അവസാനത്തിനുളളിൽ കൃത്യമായ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. 2022ൽ കേരളത്തിലെ സിനിമാ നിർമാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായുളള നടപടികളാണ് ഇപ്പോൾ നടത്തുന്നതെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. അന്ന് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥയിലുളള ആശീർവാദ് ഫിലിംസ്, ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുളള ആന്റോ ജോസഫ് ഫിലിം കമ്പനി, പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് എന്നിവിടങ്ങളിലായാണ് പ്രധാനമായും പരിശോധനകൾ നടന്നിരുന്നത്.
പൃഥ്വിരാജിന്റെ മൂന്ന് സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളിൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ, സഹനിർമാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് വാങ്ങിയെന്നാണ് കണ്ടെത്തൽ.ഈ ചിത്രങ്ങൾക്ക് നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിൽ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ഇത് സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |