കാസർകോട്: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പാത പിന്തുടർന്ന് ഡൽഹി ജെ.എൻ.യുവിലെ ശിഷ്യനായി, വിദ്യാർത്ഥി നേതാവായി പൊരുതിക്കയറിയ, കമ്മ്യൂണിസ്റ്റ് കർഷക വിപ്ലവ പോരാട്ടങ്ങൾക്ക് പേരുകേട്ട കരിവെള്ളൂരുകാരനായ യുവനേതാവ് വിജു കൃഷ്ണൻ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയിൽ.
രാജ്യത്താകമാനം കർഷകരുടെയും തൊഴിലാളികളുടെയും അവകാശ പോരാട്ടങ്ങളിൽ വീറുറ്റ ശബ്ദമായിരുന്നു ഈ യുവ നേതാവ്. വർഗീയ ശക്തികൾക്കെതിരെയും മുതലാളിത്ത ശക്തികൾക്കെതിരെയും കർക്കശമായ നിലപാടുണ്ട്. 2012 മാർച്ച് 12ന് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും മുംബയ് വരെ നടന്ന, കിസാൻ ലോംഗ് മാർച്ചിന്റെ മുഖ്യസംഘാടകനായി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയുമായി ചെറിയ പ്രായത്തിലെ തന്നെ വിജു കൃഷ്ണൻ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത് പരിഗണിച്ചാണ് പോളിറ്റ് ബ്യൂറോയിൽ എത്തിയതെങ്കിലും അദ്ദേഹത്തിന്റെ 'മലയാളിത്തം' ഈ നാടിനാകെ അഭിമാനമാണ്.
ചെറുപ്പത്തിലെ ഡൽഹിയിലേക്ക് മാറിയതിനാൽ നാട്ടിൽ അധികമൊന്നും പരിചിതനല്ലെങ്കിലും അടുത്തകാലത്തായി വടക്കൻ കേരളത്തിലെ നിരവധി പരിപാടികളിൽ ഇദ്ദേഹം എത്തിയിരുന്നു. ദേശീയ കർഷക സമര നായകനായ വിജു കൃഷ്ണനെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കുന്നതിന് നീക്കം നടന്നിരുന്നു. കേരളത്തിലെ കർഷകരെ സി.പി.എമ്മുമായി അടുപ്പിക്കാനും ജാതിമത സമവാക്യങ്ങൾ അനുകൂലമാക്കുന്നതിനും ആയിരുന്നു ഇങ്ങനെയൊരു നീക്കം നടത്തിയിരുന്നത്.
ജനനവും വിദ്യാഭ്യാസവും
1974ൽ കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ ഓണക്കുന്നിലെ പി. കൃഷ്ണന്റെയും ശ്യാമളയുടെയും മകനായി ജനിച്ചു. ബംഗളൂരുവിലെ സെന്റ് ജോസഫ്സ് കോളേജിലും ഡൽഹി ജെ.എൻ.യുവിലും വിദ്യാഭ്യാസം. ജെ.എൻ.യു. യൂണിയൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക സമ്പദ്ഘടനയിലെ മാറ്റത്തെക്കുറിച്ചുള്ള പഠനത്തിൽ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. നവ ഉദാരീകരണ നയങ്ങൾ കേരളത്തിലെയും ആന്ധ്രയിലെയും കർഷകരെ എങ്ങനെ ബാധിച്ചു എന്ന വിഷയത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണം.
രാഷ്ട്രീയ ജീവിതം
വിദ്യാർത്ഥി ആയിരിക്കെ എസ്.എഫ്.ഐയിലൂടെ ആയിരിന്നു വിജു കൃഷ്ണൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജെ.എൻ.യുവിൽ നിന്ന് ഗവേഷണ ബിരുദം നേടിയതിനു ശേഷം ബംഗളൂരുവിലെ സെന്റ് ജോസഫ്സ് കോളേജിൽ രാഷ്ട്രതന്ത്രം ബിരുദാനന്തര ബിരുദ വിഭാഗത്തിൽ അദ്ധ്യാപകനും വകുപ്പ് മേധാവിയുമായി ഏതാനും വർഷം ജോലിനോക്കി. പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |