വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും മുതിർന്ന ഉപദേഷ്ടാവും ശതകോടീശ്വരനുമായ ഇലോൺ മസ്കിന്റെയും ഭരണപരിഷ്കാരങ്ങൾക്കെതിരെ തെരുവിലിറങ്ങി ജനം. വാഷിംഗ്ടൺ ഡി.സി അടക്കം പ്രധാന യു.എസ് നഗരങ്ങളിൽ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളിൽ പതിനായിരങ്ങൾ അണിനിരന്നു. അയൽ രാജ്യങ്ങളായ കാനഡയിലും മെക്സിക്കോയിലും പ്രതിഷേധങ്ങൾ അരങ്ങേറി. യു.എസിലെ 150 ലേറെ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളാണ് പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തത്. ജനുവരിയിൽ പ്രസിഡന്റായി അധികാരമേറ്റ ശേഷം ട്രംപിനെതിരെ നടന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ഇന്നലെയും ശനിയാഴ്ചയുമായി യു.എസിൽ അരങ്ങേറിയത്.
സർക്കാർ ഏജൻസികളിലെ കൂട്ടപ്പിരിച്ചുവിടൽ, കുടിയേറ്റക്കാരുടെ നാടുകടത്തൽ, താരിഫ് നടപടികൾ തുടങ്ങിയ ട്രംപിന്റെ നയങ്ങളെ വിമർശിച്ചാണ് ജനം തെരുവിലിറങ്ങിയത്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയ ട്രംപിന്റെ നടപടിക്കെതിരെ വിമർശനം ശക്തമാണ്. യു.എസിലടക്കം ഓഹരി വിപണികൾ തകർന്നടിഞ്ഞു.
കൊവിഡിന് ശേഷം ലോക സമ്പദ്‌വ്യവസ്ഥയെ മുൾമുനയിൽ നിറുത്തിയ നടപടിയാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. മസ്ക് തലവനായുള്ള പ്രസിഡൻഷ്യൽ കമ്മിഷനായ ഡോഷിന്റെ (DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) ചെലവുചുരുക്കൽ നടപടികളിലും ജനം അതൃപ്തരാണ്. ട്രംപ് മസ്കിന്റെ കൈയിലെ കളിപ്പാവ ആകുന്നെന്നും വിമർശനമുണ്ട്. ട്രംപിനെ 'ഭ്രാന്തൻ" എന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്. ട്രംപിന്റെ താരിഫ് നയങ്ങൾ സാധാരണക്കാരെയും കർഷകരെയും ദുരിതത്തിലാഴ്ത്തുമെന്നും മുന്നറിയിപ്പുണ്ട്. ട്രംപിനെതിരെ ബെർലിൻ, ഫ്രാങ്ക്‌ഫർട്ട്, പാരീസ്, ലണ്ടൻ തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിലും പ്രതിഷേധം അരങ്ങേറി.
എളുപ്പമാകില്ല, ഉറച്ചുനിൽക്കൂ: ട്രംപ്
രാജ്യത്തിന്റെ ഉന്നമനത്തിനെന്ന പേരിൽ ട്രംപ് ഏർപ്പെടുത്തിയ പകരച്ചുങ്കം തങ്ങൾക്ക് തന്നെ തിരിച്ചടിയാകുമെന്ന ഭീതിയിലാണ് അമേരിക്കൻ ജനത. നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കയറ്റവും പ്രതീക്ഷിക്കുന്നു. എന്നാൽ, വിമർശനങ്ങളെയോ പ്രതിഷേധങ്ങളെയോ ട്രംപ് വകവയ്ക്കുന്നില്ല. വരാനിരിക്കുന്ന ദിവസങ്ങൾ എളുപ്പമാകില്ലെന്ന് ട്രംപ് തന്നെ മുന്നറിയിപ്പ് നൽകി.'ഇതൊരു സാമ്പത്തിക വിപ്ലവമാണ്. നമ്മൾ വിജയിക്കും. ഉറച്ചുനിൽക്കൂ. എളുപ്പമായിരിക്കില്ല, പക്ഷേ അന്തിമഫലം ചരിത്രപരമായിരിക്കും'' - ട്രംപ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. പകരച്ചുങ്കം യു.എസിൽ മാന്ദ്യത്തിന് കാരണമാകില്ലെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |