വത്തിക്കാൻ സിറ്റി: ഒരു മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ വീൽചെയറിലെത്തിയ അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്തു. അദ്ദേഹത്തിന് ട്യൂബിലൂടെ ഓക്സിജൻ നൽകുന്നുണ്ട്. സഹായി നൽകിയ മൈക്കിലൂടെ വിശ്വാസികൾക്ക് നന്ദി അറിയിച്ച അദ്ദേഹം ഏവർക്കും സന്തോഷകരമായ ദിനം ആശംസിച്ചു. ഈസ്റ്റർ അടുത്തതിനാൽ വരും ആഴ്ചകളിലും മാർപാപ്പയെ പൊതുവേദിയിൽ കാണാനായേക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.ഫെബ്രുവരി 14ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പ മാർച്ച് 23നാണ് ആശുപത്രിവിട്ടത്. വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങുംമുമ്പ് അദ്ദേഹം ആശുപത്രി ബാൽക്കണിയിൽ നിന്ന് വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഇന്നലെയാണ് അദ്ദേഹം വിശ്വാസികൾക്ക് മുന്നിലെത്തിയത്. ന്യുമോണിയയെ അതിജീവിച്ച മാർപാപ്പയ്ക്ക് ഡോക്ടർമാർ രണ്ട് മാസത്തെ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. ഏപ്രിൽ 20ന് വത്തിക്കാനിലെ ഈസ്റ്റർ ആഘോഷങ്ങൾക്ക് അദ്ദേഹം നേതൃത്വം വഹിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഈയാഴ്ച ഇറ്റലിയിലെത്തുന്ന ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് മാർപാപ്പയെ വത്തിക്കാനിലെത്തി കാണാൻ തീരുമാനിച്ചിരുന്നെങ്കിലും റദ്ദാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |