
രോഗി ഉണര്‍ന്നിരിക്കുകയും തത്സമയം സര്‍ജനോട് പ്രതികരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ബ്രെയിൻ ട്യൂമറുകൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് അവേക്ക് ക്രേനിയോട്ടമി (മസ്തിഷ്‌ക സര്‍ജറി).
അവേക്ക് ന്യൂറോ സര്‍ജറിയുടെ ആവശ്യകത എന്ത്?
മസ്തിഷ്‌കത്തിലെ ചില മുഴകള്‍ തലച്ചോറിന്റെ വാചാലമായ ഘടനകളോട് (കൈകാലുകളുടെ ബലത്തിന്റെ പ്രദേശം, സംസാരത്തിന്റെ മേഖല മുതലായവ) ചേര്‍ന്ന് വളരുന്നതായി എംആര്‍ഐയില്‍ കണ്ടെത്തിയാല്‍ ഈ ശസ്ത്രക്രിയാ രീതി സാധാരണയായി ഉപയോഗിക്കപ്പെടുന്നു. ചെറിയ കേടുപാടുകള്‍ പോലും രോഗിക്ക് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന നിര്‍ണായക സ്ഥലങ്ങളാണിവ. ഇവിടെ ന്യൂറോ സര്‍ജന്റെ ലക്ഷ്യം മുഴകള്‍ അഥവാ ട്യൂമറുകള്‍ നീക്കം ചെയ്യുന്നതിനോടൊപ്പം രോഗിക്ക് മറ്റ് അനന്തരഫലങ്ങളൊന്നും ഉണ്ടാവാതെ നോക്കുക എന്നതുകൂടിയാണ്.
ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് വിശദമായ നിര്‍ദേശങ്ങള്‍ നല്‍കും. ശസ്ത്രക്രിയ മസ്തിഷ്‌കത്തിലായതിനാല്‍ ഓപ്പറേഷനെക്കുറിച്ചുള്ള ഭയം, ഉത്കണ്ഠ, വേദന അറിയുമോ എന്നിങ്ങനെയുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിന് ഈ കൗണ്‍സിലിംഗ് അത്യാവശ്യമാണ്. സര്‍ജറി സമയത്ത് രോഗിയുടെ പങ്കാളിത്തം ഏറ്റവും പ്രധാനപ്പെട്ട ഘടകമായതിനാല്‍ ഒന്നിലധികം തവണ ഈ കൗണ്‍സിലിംഗ് സെഷനുകള്‍ ആവശ്യമായി വന്നേക്കാം. മറ്റ് ശാരീരിക വൈകല്യങ്ങള്‍ക്കൊന്നും കാരണമാകാതെ മുഴകള്‍ നീക്കം ചെയ്യുന്നതിനുള്ള ഒരു ശസ്ത്രക്രിയാ രീതിയാണിതെന്ന് രോഗിക്ക് കൗണ്‍സിലിംഗ് സമയത്ത് മനസ്സിലാക്കിക്കൊടുക്കും
. ശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളിലുമുള്ള വേദന, സ്പര്‍ശം, ഗന്ധം എന്നിങ്ങനെ എല്ലാ സംവേദനങ്ങളും മസ്തിഷ്‌കം കണ്ടെത്തുന്നുണ്ടെങ്കിലും മസ്തിഷ്‌ക കോശങ്ങള്‍ക്ക് മൊത്തത്തില്‍ സംവേദന ക്ഷമതയില്ല. മസ്തിഷ്‌ക ശസ്ത്രക്രിയ പൂര്‍ണമായും വേദനാ രഹിതമാണ് എന്ന വസ്തുതയും രോഗിയ്ക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. തൊലി, തലയോട്ടി, ഡ്യൂറ (മസ്തിഷകത്തിന്റെ ആവരണം) എന്നിവയാണ് വേദനാജനകമായ ഘടനകള്‍. അനസ്‌തേഷ്യയിലൂടെ ഇവയിലെ നാഡികളെ മരവിപ്പിക്കുന്നതിലൂടെ ഈ വേദനയും ലഘൂകരിക്കപ്പെടും.
തലച്ചോറിലെ മുഴ (ട്യൂമര്‍) കൈകാലുകളുടെ ചലന ശക്തിയെ നിയന്ത്രിക്കുന്ന പ്രദേശത്താണെങ്കില്‍ മുഴ നീക്കം ചെയ്യുന്ന സമയത്ത് രോഗിയുടെ വിരലുകളും കാലും ചലിപ്പിക്കാന്‍ ആവശ്യപ്പെടുകയും അതുവഴി രോഗിക്ക് ചലന പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ലായെന്ന് സര്‍ജന് ഉറപ്പാക്കുവാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുവാനും സാധിക്കും.
സംസാര ശേഷിയെ നിയന്ത്രിക്കുന്ന ഭാഗത്താണ് മുഴയെങ്കില്‍ രോഗിയോട് നേരിട്ട് സംവദിച്ചുകൊണ്ടോ, ഗാനം ആലപിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തുകൊണ്ട് ശസ്ത്രക്രിയ മുന്നോട്ട് പോകും. തലച്ചോറിലെ ട്യൂമറുകള്‍ നീക്കം ചെയ്യുമ്പോള്‍ ഈ രീതി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മറ്റ് തകരാറുകളൊന്നും സംഭവിക്കാതെ സംരക്ഷിക്കുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ രോഗിയും ശസ്ത്രക്രിയാ സംഘവും തമ്മിലുള്ള ധാരണയാണ് പ്രധാനം.
ഡോ. നവാസ് എൻ.എസ്
കൺസൾട്ടന്റ്
ന്യൂറോസർജറി വിഭാഗം
കിംസ്ഹെൽത്ത് തിരുവനന്തപുരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |