മോസ്‌കോ: സുഖോയ് എസ്‌യു 35 ജെറ്റുകൾ ചൈനയ്ക്ക് വിറ്റതിന്റെ നിരാശയിലാണ് റഷ്യയെന്ന് റിപ്പോർട്ടുകൾ. പത്തുവർഷം മുൻപാണ് 24 റഷ്യൻ നിർമിത എസ്‌യു 35 ഫൈറ്റർ ജെറ്റുകൾ വാങ്ങാനുള്ള കരാറിൽ ചൈന ഒപ്പുവച്ചത്. എയർക്രാഫ്റ്റുകളുടെ നിർമിതികൾ മനസിലാക്കി സമാനമായവ നിർമിക്കുകയാണ് കരാറിലൂടെ ചൈനയുടെ ലക്ഷ്യമെന്നായിരുന്നു നിഗമനം. എന്നാലിപ്പോൾ കരാറിൽ വീണ്ടും ആശങ്കകൾ ഉയരുകയാണ്. എസ്‌യു 27 ഫൈറ്ററിനോടുള്ള ബീജിംഗിന്റെ സമീപനമാണ് ആശങ്കകൾക്ക് കാരണം.
1990കളുടെ തുടക്കത്തിലാണ് ചൈന എസ്‌യു 27 ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ ആരംഭിച്ചത്. പിന്നീട് ഇവയുടെ അതേ പതിപ്പായ ജെ 11 നിർമിക്കുകയും കയറ്റി അയയ്ക്കുകയുമായിരുന്നു. ഇതിനായി റഷ്യയിൽ നിന്ന് ലൈസൻസും നേടിയിരുന്നില്ല. ചൈനയുടെ നീക്കം റഷ്യയുടെ അതൃപ്‌തിക്ക് കാരണമാവുകയും ചെയ്തു.
സാങ്കേതിക വിദ്യയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നാലാം തലമുറ യുദ്ധവിമാനമായ എസ്‌യു 35, 2015ൽ സിറിയയിൽ ആണ് ആദ്യമായി യുദ്ധത്തിന് ഉപയോഗിച്ചത്. സൂപ്പർക്രൂയിസ്, സ്റ്റെൽത്ത് തുടങ്ങിയ സവിശേഷതകൾ ഉണ്ടെങ്കിലും ഇതിന് യഥാർത്ഥ സ്റ്റെൽത്ത് സാങ്കേതികവിദ്യയില്ല. തദ്ദേശീയമായി നിർമ്മിച്ച അഞ്ചാം തലമുറ ജെ 20 യുദ്ധവിമാനം പൂർണമായും പ്രവർത്തനക്ഷമമാകുന്നതുവരെ വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനുള്ള പകരക്കാരനായാണ് ചൈന എസ്‌യു 35 വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. യുഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചൈന ജെ 20 വികസിപ്പിച്ചതെന്ന ആരോപണങ്ങളും ശക്തമാണ്. റഷ്യൻ സൈനിക ഉപകരണങ്ങൾ പതിവായി വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് വിൽക്കാതിരിക്കാനാണ് ചൈന എസ്‌യു 35 ജെറ്റുകൾ വാങ്ങിക്കൂട്ടിയതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |