വികസിത രാജ്യങ്ങൾ തങ്ങളുടെ വ്യാപാര നയങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തുന്നത് വളരെ അപൂർവമാണ്. അമേരിക്കയെ വീണ്ടും മഹത്തായ നിലയിലെത്തിക്കുകയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായി, ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് പ്രസിഡന്റ് ട്രംപ് അമേരിക്കയുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കുമേൽ പകരച്ചുങ്കം പ്രഖ്യാപിച്ചു. പുതിയ താരിഫ് നയം അമേരിക്കയുടെ വ്യാപാര നയത്തിൽ അടിമുടി മാറ്റമുണ്ടാക്കി. അമേരിക്ക എടുക്കുന്ന ധനകാര്യമായ തീരുമാനങ്ങളെല്ലാം ആഗോളതലത്തിൽ ചലനങ്ങൾ ഉണ്ടാക്കാറുണ്ട്. 'വിമോചന ദിന"മെന്ന് ട്രംപ് വിശേഷിപ്പിച്ച ഏപ്രിൽ രണ്ടാം തീയതിയിലെ പകരച്ചുങ്ക പ്രഖ്യാപനത്തിനു ശേഷം ഓഹരിവിപണികൾ തകർന്നടിഞ്ഞു.
പകരച്ചുങ്ക പ്രഖ്യാപനത്തിന് മുമ്പുതന്നെ സ്റ്റീൽ, അലുമിനിയം എന്നിവയുടെ തീരുവ 25 ശതമാനമായി ട്രംപ് ഉയർത്തിയിരുന്നു. കൂടാതെ, ചൈനീസ് ഇറക്കുമതികൾക്ക് അദ്ദേഹം 20 ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തു. അമേരിക്കയുടെ മുൻ സഖ്യകക്ഷികളായ മെക്‌സിക്കോയ്ക്കും കാനഡയ്ക്കും തീരുവ ഏർപ്പെടുത്തി. ഇതിനു പുറമെ ഏപ്രിൽ രണ്ടിലെ വിമോചന ദിന താരിഫ് പ്രഖ്യാപന പ്രകാരം,
ഏപ്രിൽ അഞ്ചു മുതൽ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതികൾക്കും 10 ശതമാനം അടിസ്ഥാന താരിഫ് ബാധകമായി.
അമേരിക്കയിലേക്കുള്ള എല്ലാ ഓട്ടോമൊബൈൽ ഇറക്കുമതികൾക്കും 25 ശതമാനം താരിഫ് ചുമത്തി
10 മുതൽ 50 ശതമാനം വരെയുള്ള രാജ്യാധിഷ്ഠിത പകരച്ചുങ്കം ഏർപ്പെടുത്തി
ഇന്ത്യയ്ക്ക് 26
ശതമാനം
ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 26 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഇത് പ്രതീക്ഷിച്ചതിലും ഉയരത്തിലാണ്; എന്നാൽ ഏഷ്യ- പസഫിക് മേഖലയിലെ മറ്റ് പല രാജ്യങ്ങൾക്കും ഏർപ്പെടുത്തിയ നിരക്കുകളേക്കാൾ വളരെ കുറവാണു താനും. ഉദാഹരണത്തിന്, കംബോഡിയയ്ക്ക് 49 ശതമാനവും, വിയറ്റ്‌നാമിന് 46 ശതമാനവും, ബംഗ്ലാദേശിന് 37 ശതമാനവും, ചൈനയ്ക്ക് 34 ശതമാനവും (നേരത്തെ ചുമത്തിയ 20 ശതമാനം ഉൾപ്പെടെ 54 ശതമാനം), തായ്ലൻഡിന് 37 ശതമാനവും, ഇന്തോനേഷ്യയ്ക്ക് 32 ശതമാനവുമാണ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്.
യുക്തിയില്ലാത്ത
കണക്കുകൂട്ടൽ
പകരച്ചുങ്കം കണക്കാക്കാൻ ട്രംപ് ഭരണകൂടം വിചിത്രവും യുക്തിരഹിതവുമായ ഒരു സമവാക്യമാണ് ഉപയോഗിച്ചത് - ഒരു രാജ്യത്തിനു മേൽ അമേരിക്ക ചുമത്തുന്ന 'ഡിസ്‌കൗണ്ട് റെസിപ്രോക്കൽ താരിഫ്" ആ രാജ്യം അമേരിക്കയ്ക്കുമേൽ ചുമത്തുന്ന താരിഫിന്റെ പകുതിയായിരിക്കും. അതേസമയം, ഒരു രാജ്യം 'അമേരിക്കയ്ക്കുമേൽ ചുമത്തുന്ന തീരുവ" കണക്കാക്കുന്നത് അമേരിക്കയും ആ രാജ്യവുമായുള്ള വ്യാപാര കമ്മിയെ അവരുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചാണ്. ഉദാഹരണത്തിന്: ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാര കമ്മി 46 ബില്യൺ ഡോളറും, അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 87 ബില്യൺ ഡോളറുമാണ്: 46നെ 87 കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചാൽ ലഭിക്കുക 52 ആണ്. 52-ന്റെ പകുതിയായ ഈ 26 ശതമാനമാണ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 26 ശതമാനം ഡിസ്‌കൗണ്ട് റെസിപ്രോക്കൽ താരിഫ്. അമേരിക്കയുമായി ഉയർന്ന വ്യാപാര കമ്മിയുള്ള രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതാണ് പകരച്ചുങ്കമെന്നാണ് വ്യക്തമാകുന്നത്.
ട്രംപിന്റെ താരിഫുകൾ പ്രതികാര തീരുവകൾ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അമേരിക്ക ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ചൈന 34 ശതമാനം തീരുവ ചുമത്തി. യൂറോപ്യൻ യൂണിയൻ ഇതുവരെ പകരച്ചുങ്കം പ്രഖ്യാപിച്ചിട്ടില്ല. പകരച്ചുങ്കം രാജ്യാന്തര വ്യാപാരത്തെയും ആഗോള സാമ്പത്തിക വളർച്ചയെയും ബാധിക്കുന്ന ഒരു വ്യാപാര യുദ്ധത്തിന് കാരണമാകുമെന്നാണ് ആശങ്ക. ഇത് എങ്ങനെ അവസാനിക്കുമെന്ന് വ്യക്തമല്ലാത്തതിനാൽ അനിശ്ചിതത്വം ഏറുകയാണ്.
അമേരിക്കയിൽ
സ്തംഭനാവസ്ഥ
ട്രംപ് താരിഫുകളുടെ അനിവാര്യമായ അനന്തരഫലം അമേരിക്കയിൽ പണപ്പെരുപ്പത്തിലെ കുതിച്ചുചാട്ടമാണ്. ഇറക്കുമതിയുടെ ചെലവ് ഉയരുന്നതിനാൽ വിലക്കയറ്റം രൂക്ഷമാകും. വില ഉയരുമ്പോൾ ഡിമാൻഡ് കുറയും, ഇത് ഉത്പാദനത്തെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കും. ഇതോടെ അമേരിക്ക ധനകാര്യ തളർച്ചയും ഉയർന്ന തൊഴിലില്ലായ്‌മയും രൂക്ഷമായ വിലക്കയറ്റവും ഒത്തുചേരുന്ന സാമ്പത്തിക സ്തംഭനാവസ്ഥയിലേക്ക് (സ്റ്റാഗ്ഫ്‌ളേഷൻ) നീങ്ങും. ഉയർന്ന പണപ്പെരുപ്പം അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിനെ പ്രതിസന്ധിയിലാക്കും, പലിശ കുറയ്ക്കാനും സാമ്പത്തിക ഉത്തേജനം നൽകാനുമുള്ള സാദ്ധ്യതകൾ കുറയും. ഈ വർഷാവസാനത്തോടെ അമേരിക്കയിൽ മാന്ദ്യത്തിനുള്ള സാധ്യത 35 ശതമാനം ആയിരിക്കുമെന്ന് ഗോൾഡ്മാൻ സാക്ക്‌സ് പ്രവചിച്ചിട്ടുണ്ട്. വ്യാപാരത്തിലെ സങ്കോചം മൂലം ആഗോള വളർച്ച 2.3 ശതമാനത്തിലും താഴെയെത്തിയേക്കും.
ഇന്ത്യയെ
ബാധിക്കുമോ?
പുതിയ സാഹചര്യം ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളെയും ബാധിക്കും. യു.എസിലേക്കുള്ള കയറ്റുമതി ഇന്ത്യയുടെ ജി.ഡി.പിയുടെ 2.2 ശതമാനം മാത്രമായതിനാൽ ഇന്ത്യയെ അത്രകണ്ട് ബാധിക്കില്ല. ഇന്ത്യ കയറ്റുമതി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയല്ല, ആഭ്യന്തര ഉപഭോഗാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാണ്. അതിനാൽ, മറ്റിടങ്ങളേക്കാൾ ഇന്ത്യൻ വിപണിയിലെ ആഘാതം കുറവായിരിക്കും; എന്നാൽ പുതിയ സാഹചര്യത്തിൽ നടപ്പു സാമ്പത്തിക വർഷത്തെ വളർച്ചാ ലക്ഷ്യമായ 6.5 ശതമാനം നേടാൻ ബുദ്ധിമുട്ടാകും.
അതേസമയം, ഓരോ പ്രതിസന്ധിയും അവസരങ്ങൾ തുറന്നുതരുന്നതാണ്. തുണിത്തര കയറ്റുമതി പോലുള്ള മേഖലകളിൽ ഇന്ത്യയ്ക്ക് അവസരങ്ങളുണ്ട്. കാരണം ഇത്തരം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ചൈന, വിയറ്റ്‌നാം, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങൾക്കു മേൽ ഉയർന്ന തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കൂടാതെ, അമേരിക്കയുമായി ഒരു ഉഭയകക്ഷി വ്യാപാര കരാർ (ബി.ടി.എ) ഒപ്പുവയ്ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതൊരു മികച്ച തന്ത്രമാണ്.
(പ്രമുഖ ധനകാര്യ വിദഗ്ദ്ധനായ ഡോ. വി.കെ. വിജയകുമാർ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്‌റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |