കെയ്റോ : ഗാസയിൽ യുദ്ധം അവസാനിച്ചു. ഈജിപ്ത് ഉച്ചകോടിയിൽ കരാർ ഒപ്പുവച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. ഉച്ചകോടിയിൽ നിന്ന് അവസാന നിമിഷം നെതന്യാഹു പിന്മാറിയെന്നാണ് റിപ്പോർട്ട്. മദ്ധ്യസ്ഥ രാഷ്ട്രങ്ങളായ ഖത്തർ, ഈജിപ്ത്, തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. ഡൊണാൾഡ് ട്രംപും മദ്ധ്യസ്ഥ രാഷ്ട്രങ്ങളും ചേർന്നാണ് കരാർ ഒപ്പുവച്ചത്.
പുനർനിർമാണമാണ് ഇനി ചെയ്യാനുള്ള കാര്യങ്ങളിൽ വച്ച് ഏറ്റവും എളുപ്പമുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യകതമാക്കി. ഗാസ സമാധാന ഉച്ചകോടിയിൽ കരാർ ഒപ്പുവച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പുനർനിർമാണം ആരംഭിക്കുകയാണ്. ഗാസയിലെ അടുത്ത ഘട്ടത്തെക്കുറിച്ച് ട്രംപ് പറഞ്ഞു.
'പുനർനിർമാണം ഒരുപക്ഷേ ഏറ്റവും എളുപ്പമുള്ള ഭാഗമായിരിക്കും. ബുദ്ധിമുട്ടുള്ള കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞെന്നാണ് കരുതുന്നത്, കാരണം ബാക്കിയുള്ള കാര്യങ്ങൾ താനെ ഒത്തുചേരും. ലോകത്ത് മറ്റാരേക്കാളും മികച്ച രീതിയിൽ ഗാസയെ എങ്ങനെ പുനർനിർമിക്കാമെന്ന് ഞങ്ങൾക്കറിയാം." അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിച്ചിരിപ്പുള്ള 20 ഇസ്രായേലി ബന്ദികളെയും ഹമാസ് മോചിപ്പിച്ചു. ഇവർ ഉടൻ തന്നെ ഇസ്രായേലിലെ കുടുംബാംഗങ്ങളുമായി ഒരുമിക്കും. കൊല്ലപ്പെട്ട 28 ബന്ദികളുടെ മൃതദേഹങ്ങൾ ഇപ്പോഴും ഗാസയിലുണ്ടെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ അറിയിച്ചു. അവശേഷിച്ച 20 ഇസ്രായേലി ബന്ദികളെയും ഹമാസ് റെഡ് ക്രോസിന് കൈമാറിയതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഇതിൽ 13 ബന്ദികൾ നിലവിൽ ഗാസ മുനമ്പിലെ ഇസ്രായേൽ സുരക്ഷാ ഏജൻസിയുടെ അടുത്തേക്ക് പോവുകയാണ്. നേരത്തെ പലസ്തീൻ സായുധ ഗ്രൂപ്പ് ആദ്യ ബാച്ചായി ഏഴ് പേരെ മോചിപ്പിച്ചിരുന്നു.
രണ്ട് വർഷം നീണ്ടുനിന്ന യുദ്ധത്തിന് ഇതോടെ അവസാനമാകുമെന്നാണ് സൂചന. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം കഴിഞ്ഞ ആഴ്ച ഈജിപ്തിൽ വച്ച് നടന്ന പരോക്ഷ ചർച്ചകളിൽ ഇസ്രായേലും ഹമാസും അംഗീകരിച്ചിരുന്നു. ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ മദ്ധ്യസ്ഥതയിലായിരുന്നു ചർച്ചകൾ. കരാറിന്റെ ഭാഗമായി പട്ടിണിയിലായ ഗാസയിൽ സഹായം എത്തിക്കാനും ധാരണയായിട്ടുണ്ട്.
സമാധാന കരാറിന്റെ ആദ്യ ഘട്ടം ഒപ്പുവച്ചതിന് പിന്നാലെ ഇസ്രായേൽ സൈന്യം ഗാസ സിറ്റിയിൽ നിന്ന് നേരത്തെ ധാരണയായ 'യെല്ലോ ലൈൻ' മേഖലയിലേക്ക് പിൻവാങ്ങി. ഇതോടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്ത ലക്ഷക്കണക്കിന് പലസ്തീനികൾക്ക് ഗാസയിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി. എന്നാൽ, അവർക്ക് മടങ്ങിയെത്താനായത് പൊടി മൂടിയ അവശിഷ്ടങ്ങളിലേക്കാണ്.
ഇസ്രായേൽ സൈന്യം പിൻവാങ്ങിയ ഗാസ സിറ്റിയിലെയും തെക്കൻ ഗാസയിലെയും തെരുവുകളിൽ സായുധ പൊലീസ് പട്രോളിംഗ് നടത്തുകയും സഹായ ട്രക്കുകൾക്ക് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. ഗാസയിലെ അടിസ്ഥാന സൗകര്യങ്ങളും വീടുകളും പുനർനിർമിക്കാൻ പതിനായിരക്കണക്കിന് കോടി ഡോളറിന്റെ നിക്ഷേപം ആവശ്യമായി വരുമെന്നാണ് ഐക്യരാഷ്ട്രസഭയും മറ്റ് ഏജൻസികളും കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |