ന്യൂഡൽഹി:ഗവർണർമാരുമായുള്ള അധികാര വടംവലിയിൽ സംസ്ഥാന സർക്കാരുകൾക്ക് അനുകൂലമായി സുപ്രീംകോടതിയുടെ സുപ്രധാന വിധി.നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്നു മാസത്തിനകം ഗവർണർ തീരുമാനമെടുക്കണം.
10 ബില്ലുകൾ തന്നിഷ്ടപ്രകാരം നീണ്ടകാലത്തേക്ക് പിടിച്ചുവയ്ക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്ത തമിഴ്നാട് ഗവർണർ ആർ. എൻ.രവിയുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഗവർണറുടെ നടപടി റദ്ദാക്കിയ കോടതി, പത്തു ബില്ലും പാസായതായി പ്രഖ്യാപിച്ചു
ഇതേ വിഷയത്തിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാരിന്റെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.
ജനാധിപത്യ സർക്കാരുകളുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാൻ ഗവർണർമാർക്ക് വിവേചനാധികാരമില്ലെന്ന് വിധിയിൽ വ്യക്തമാക്കി.
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെതിരായ ഏതൊരു നടപടിയും സത്യപ്രതിജ്ഞാ ലംഘനമാകുമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
ബില്ലുകൾ വച്ചുതാമസിപ്പിക്കരുതെന്ന് പഞ്ചാബ് ഗവർണറുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വിധി വന്നപ്പോഴാണ് ആർ.എൻ. രവി 10 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്.
ഗവർണറുടെ അധികാരം പരിമിതം
# ഭരണഘടനയിലെ ആർട്ടിക്കിൾ 200 പ്രകാരം
ബില്ലുകൾക്ക് അനുമതി നൽകുക, അനുമതി നിഷേധിക്കുക രാഷ്ട്രപതിക്ക് അയയ്‌ക്കുക എന്നീ മൂന്നു നടപടികൾ ഗവർണർക്ക്സ്വീകരിക്കാം. എന്നാൽ,സമയപരിധി പരാമർശിച്ചിട്ടില്ല. ഇക്കാര്യത്തിലാണ് സുപ്രീം കോടതി വ്യക്തത വരുത്തിയത്.
#ഒരു ബിൽ ആദ്യമായി വരുമ്പോൾ മാത്രമേ രാഷ്ട്രപതിക്ക് അയ്‌ക്കാനാകൂ.അത് ഒരുമാസത്തിനകം ചെയ്തിരിക്കണം. അതിനായി ബിൽ മന്ത്രിസഭയ്ക്ക് മടക്കിനൽകി സംശയമുള്ള വിഷയത്തിൽ വ്യക്തത തേടണം. തിരിച്ചു കിട്ടിയാലുടൻ രാഷ്ട്രപതിക്ക് അയയ്ക്കണം.
# അംഗീകാരം നൽകുന്നില്ലെങ്കിൽ, മൂന്നു മാസത്തിനുള്ളിൽ അക്കാര്യം സൂചിപ്പിക്കുന്ന സന്ദേശത്തോടെ തിരിച്ചയയ്‌ക്കണം.ആ ബില്ലുകൾ വീണ്ടും നിയമസഭ അതേപടി പാസാക്കിയാൽ അംഗീകരിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനാണ്.അത് രാഷ്ട്രപതിക്ക് അയയ്ക്കാനാവില്ല. ഒരു മാസത്തിനകം അംഗീകാരം നൽകണം. നിയമസഭ വീണ്ടും പാസാക്കി അയയ്‌ക്കുന്ന ബില്ലുകൾ സംബന്ധിച്ച് ഡയറക്‌ട് വീറ്റോ (ഉടൻ തള്ളൽ), പോക്കറ്റ് വീറ്റോ(വച്ചു താമസിപ്പിക്കൽ) അധികാരങ്ങൾ ഗവർണർക്ക് ഇല്ല
ബില്ലുകൾ കടലാസാക്കരുത്,
ജനാധിപത്യത്തെ മാനിക്കണം
ബില്ലുകൾ പിടിച്ചുവച്ചാൽ അവ വെറും കടലാസും മാംസമില്ലാത്ത അസ്ഥികൂടങ്ങളും മാത്രമായി മാറും. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുത്ത സർക്കാരിൽ ജനങ്ങൾക്കുള്ള പ്രതീക്ഷയും പാർലമെന്ററി ജനാധിപത്യത്തിന്റെ പാരമ്പര്യവും ഗവർണർ മാനിക്കണം. ഉയർന്ന ഭരണഘടനാ പദവി മാനിച്ച് ഗവർണർ സംസ്ഥാനത്തെ ജനങ്ങളുടെ ഇച്‌ഛയ്‌ക്കും ക്ഷേമത്തിനും പ്രഥമസ്ഥാനം നൽകാനും സംസ്ഥാന സംവിധാനവുമായി ആത്മാർത്ഥമായി യോജിച്ച് പ്രവർത്തിക്കാനും ബാധ്യസ്ഥനാണ്.
ഉന്നത ഭരണഘടനാ സ്ഥാനങ്ങൾ വഹിക്കുന്നവർ ഭരണഘടനയുടെ മൂല്യങ്ങളാൽ നയിക്കപ്പെടണം. ഒരു ഭരണഘടന എത്ര നല്ലതാണെങ്കിലും, അത് നടപ്പിലാക്കുന്നവർ നല്ലവരല്ലെങ്കിൽ, അത് മോശമാകുമെന്ന ബി.ആർ അംബേദ്കറുടെ വാക്കുകൾ ഉദ്ധരിച്ചാണ് ജസ്റ്റിസ് പർദിവാല വിധിന്യായം അവസാനിപ്പിക്കുന്നത്.
` ഗവർണർ രാഷ്‌ട്രീയമായ കലർപ്പില്ലാതെ സർക്കാരിന്റെ സുഹൃത്തും വഴികാട്ടിയും തത്ത്വ ചിന്തകനുമായി പ്രവർത്തിച്ച്
സത്യപ്രതിജ്ഞയുടെ പവിത്രത കാക്കണം.'
- സുപ്രീംകോടതി
സുപ്രീംകോടതി വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |