ടിറാന: കൈക്കൂലി, ഭീഷണി, സ്വാധീനം ചെലുത്താൻ ശ്രമിക്കുക.... എന്തായാലും ശരി, അൽബേനിയയിലെ പുതിയ മന്ത്രി 'ഡീയെല്ല" ഇതൊന്നും അനുവദിക്കില്ല. ശമ്പളമില്ല. കാവലിന് സുരക്ഷാ ഭടൻമാരുമില്ല. ഊണും ഉറക്കവുമില്ലാതെ 24 മണിക്കൂറും ജോലി ചെയ്യും. അഴിമതിയെ വേരോടെ പിഴുതെറിയാൻ അൽബേനിയൻ സർക്കാർ നിയമിച്ച ഡീയെല്ല മനുഷ്യനല്ല. ഒരു എ.ഐ ജനറേറ്റഡ് റോബോട്ടാണ്. ലോകത്തെ ആദ്യ എ.ഐ മന്ത്രി !
ഡീയെല്ല എന്ന വാക്കിന്റെ അൽബേനിയൻ അർത്ഥം സൂര്യൻ എന്നാണ്. വിവിധ പദ്ധതികൾക്കായി സർക്കാർ, സ്വകാര്യ കമ്പനികൾക്കായി കരാർ ചെയ്യുന്ന എല്ലാ പൊതു ടെൻഡറുകളും ഇനി കൈകാര്യം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഡീയെല്ല ആയിരിക്കുമെന്ന് പ്രധാനമന്ത്രി എഡി റാമ പറയുന്നു. പൊതു ടെൻഡറുകൾ 100 ശതമാനം അഴിമതിരഹിതമാക്കി മാറ്റുകയാണ് ഡീയെല്ലയുടെ ലക്ഷ്യം. ഇത്തരം ടെൻഡറുകൾ മുൻകാലങ്ങളിൽ രാജ്യത്ത് നിരവധി അഴിമതി വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. യൂറോപ്യൻ യൂണിയനിൽ അംഗത്വത്തിന് ശ്രമിക്കുന്ന അൽബേനിയയ്ക്ക് അഴിമതി വിരുദ്ധ പ്രതിച്ഛായ അനിവാര്യമാണ്.
അതേസമയം, ഡീയെല്ലയുടെ പിന്നിലുള്ള മനുഷ്യരുടെ മേൽനോട്ടം സംബന്ധിച്ചോ, ഡീയെല്ലയെ ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യതകളെക്കുറിച്ചോ സർക്കാർ പ്രതികരിച്ചിട്ടില്ല. ഈ വർഷം ആദ്യം തന്നെ ഡീയെല്ലയെ സർക്കാർ അവതരിപ്പിച്ചിരുന്നു. ഇ-അൽബേനിയ പ്ലാറ്റ്ഫോമിൽ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും സർക്കാർ രേഖകൾ ലഭ്യമാക്കാൻ സഹായിക്കുന്ന എ.ഐ വെർച്വൽ അസിസ്റ്റന്റ് ആയിട്ടായിരുന്നു ഡീയെല്ലയുടെ തുടക്കം.
പരമ്പരാഗത അൽബേനിയൻ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഡീയെല്ല, വോയ്ഡ് കമാൻഡുകൾ വഴി സഹായിക്കുകയും ഇലക്ട്രോണിക് സ്റ്റാമ്പുകൾ അടങ്ങിയ രേഖകൾ നൽകുകയും ചെയ്യുന്നു. അതേ സമയം, രാജ്യത്തെ എ.ഐ മന്ത്രിയെ പ്രതികൂലിക്കുന്നവരും ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |