കൊച്ചി: അശാന്ത മനസുകൾക്ക് താളാത്മക ചലനത്തിലൂടെ കരുത്തേകുകയാണ് കൊച്ചിയിലെ നൃത്താദ്ധ്യാപികയും ട്രെയിനറുമായ സുശീല പൈ. 'മൂവ്മെന്റ് തെറാപ്പി"യിലൂടെയാണ് സുശീല മനസുകൾക്ക് ശക്തിയേകുന്നത്. മൂവ്‌മെന്റ് തെറാപ്പി ചികിത്സയല്ല, കാഴ്ചപ്പാടാണ്. പാട്ടുകൾ മനസിന് സന്തോഷമേകി ശാന്തമാക്കും. ചലനങ്ങൾ ഏകാഗ്രതയുമൊരുക്കും. അതാണ് എറണാകുളത്ത് അഞ്ച് ശാഖകളുള്ള മുദ്ര സെന്റർ ഒഫ് ഡാൻസിന്റെ അമരക്കാരിയായ സുശീല പ്രയോഗത്തിലാക്കിയത്.
ശാസ്ത്രീയ നൃത്തത്തിന്റെ ചിട്ട മൂവ്മെന്റ് തെറാപ്പിക്കില്ല. സ്ഥിര പരിശീലനവുമില്ല. കൊറിയോഗ്രഫിയുണ്ടാകും. പാട്ടിന്റെ പശ്ചാത്തലവും നിർബന്ധമില്ല. കോൺവെന്റ് ജംഗ്ഷൻ ശ്രീനികേതനിൽ കൃഷ്ണ പൈയുടെ മകളാണ് സുശീല. അഞ്ചാം വയസുമുതലാണ് ശാസ്ത്രീയനൃത്തം പഠിച്ചത്. 18-ാം വയസിൽ വിവാഹിതയായി. ഇടയ്‌ക്ക് അദ്ധ്യാപികയായി. അപ്പോഴാണ് നൃത്തത്തിൽ പ്രൊഫഷണലാകാൻ മോഹിച്ചത്. തുടർന്ന് പത്മ മേനോനിൽ നിന്ന് മോഡേൺ ഡാൻസും ദീപാലി വിചാരേയിൽ നിന്ന് കഥക്കും പരിശീലിച്ചു.
മോഡേൺ ഡാൻസിനിടെയാണ് മനസും ശരീരചലനവും നിരീക്ഷിച്ചു തുടങ്ങിയത്. 'ക്രിയേറ്റീവ് മൂവ്മെന്റ് തെറാപ്പി അസോസിയേഷൻ ഒഫ് ഇന്ത്യ" ബംഗളൂരു സെന്ററിൽ നിന്ന് സർട്ടിഫിക്കേഷൻ നേടി. ബിസിനസുകാരനായ ഉമേഷ് പൈയാണ് ഭർത്താവ്. അമ്മ: രാജാമണി. ഒഡീഷി നർത്തകി ശാലിനിയും വിദ്യാർത്ഥിയായ സിദ്ധാർത്ഥുമാണ് മക്കൾ.
രണ്ട് മണിക്കൂർ പരിശീലനം
പരിശീലനത്തിന് വരുന്നവരെ വാമപ്പ് ചെയ്യിച്ച് സന്തോഷ മൂഡിലാക്കാൻ രണ്ട് മണിക്കൂർ വേണം. ആളുകളുടെ എണ്ണവും ആവശ്യവുമനുസരിച്ചാണ് ഫീസ് പാക്കേജ്. നൃത്തക്ലാസുകൾക്ക് മാസം 1000-2000 രൂപയാണ് ഫീസ്. കോർപ്പറേറ്റ് കമ്പനികളിലെ സ്റ്രാഫാണ് കൂടുതലായെത്തുന്നത്. പ്രളയകാലത്ത് സുശീല ദുരിതാശ്വാസ ക്യാമ്പുകളിൽ സാന്ത്വനവുമായി എത്തിയിരുന്നു. കൊവിഡിൽ ഒറ്റപ്പെട്ടവർക്ക് ഓൺലൈൻ ക്ലാസുകൾ നൽകി. ജയിലുകളിലും കോളനികളിലും ചലന തെറാപ്പി പരിശീലിപ്പിക്കാറുണ്ട്.
കോഴ്സിന്റെ പ്രോജക്ട് ചെയ്തത് പീഡനത്തിനിരയായവരുടെ പുനരധിവാസ കേന്ദ്രത്തിലാണ്. അത് മറക്കാനാകാത്ത അനുഭവമായിരുന്നു.
- സുശീല പൈ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |