തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ സീരീസിലെ എം എസ് സി തുർക്കി വിഴിഞ്ഞത്ത് നങ്കൂരമിട്ടു. വിഴിഞ്ഞത്ത് എത്തിയ 257-ാംമത് കപ്പലാണ് എം എസ് സി തുർക്കി. വിഴിഞ്ഞം തുറമുഖത്തെത്തിയ കപ്പലിനെ ടഗ്ഗുകൾ തീരത്തേക്ക് അടുപ്പിച്ചു. സിംഗപ്പൂരിൽ നിന്നാണ് എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്കാക്കും പോകുക.
ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എം.എസ്.സി) അൾട്രാലാർജ് ഇനത്തിലെ കപ്പലായ ഇതിന് 399.9മീറ്റർ നീളവും 61.3മീറ്റർ വീതിയുമുണ്ട്. 24,346 കണ്ടെയ്നറുകൾ വഹിക്കാം. ഏറ്റവും കുറച്ച് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നതും ഏറ്റവും ഇന്ധനക്ഷമതയുമുള്ളതുമായ കണ്ടെയ്നർ ഷിപ്പാണിത്. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്തേക്ക് ഈ ഭീമൻ കപ്പൽ ആദ്യമായിട്ടാണെത്തുന്നത്.
കഴിഞ്ഞ ജൂലായിൽ ട്രയൽ ഓപ്പറേഷനും ഡിസംബറിൽ വാണിജ്യ ഓപ്പറേഷനും തുടങ്ങിയ തുറമുഖം ഇതുവരെ 257 കപ്പലുകളിലായി 5ലക്ഷത്തോളം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. പ്രതിദിനം ശരാശരി 3000കണ്ടെയ്നറുകൾ നീക്കുന്നു. എം എസ് സിയുടെ കൂറ്റൻകപ്പലായ ക്ലൗഡ് ജിറാർഡെറ്റ് (24116 കണ്ടെയ്നർ ശേഷി) കഴിഞ്ഞ സെപ്തംബറിൽ വിഴിഞ്ഞത്ത് എത്തിയിരുന്നു. 155 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എം.എസ്.സി കമ്പനിക്ക് 860കപ്പലുകളുണ്ട്. ജനീവയാണ് ആസ്ഥാനം. 22.5 ദശലക്ഷത്തിലധികം ടി.ഇ.യു കാർഗോ കൈകാര്യം ചെയ്യുന്നതാണ് എം.എസ്.സി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |