യുവതിയുടെ നിലയിൽ മാറ്റമില്ല
കാസർകോട്: യുവതിയെ കടയിൽ കയറി തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഫർണിച്ചർ കടയുടമയെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. ബന്തടുക്ക പൊയിനാച്ചി റോഡരികിലായി മുന്നാട് മണ്ണടുക്കത്ത് ഫർണിച്ചർ കട നടത്തുന്ന തമിഴ്നാട് ചിന്നപ്പട്ടണം സ്വദേശിയായ രാമാമൃതം (58) ആണ് അറസ്റ്റിലായത്. ഗുരുതരമായി പൊള്ളലേറ്റ മണ്ണടുക്കത്തെ സ്റ്റേഷനറി കടയുടമ സരിത (30) മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. പ്രതി തീകൊളുത്തിയ കടയും പരിസരവും ഇന്നലെ രാവിലെയെത്തിയ ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. രാമാമൃതം കടയിൽ കയറി മര ഉരുപ്പടികൾക്ക് മിനുസം വരുത്തുന്ന തിന്നർ യുവതിയുടെ ദേഹത്തൊഴിച്ച ശേഷം തീ എറിയുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ യുവതിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.
വർഷങ്ങളായി മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് മരണപ്പണി നടത്തി വരികയാണ് രാമാമൃതം. മണ്ണടുക്കത്ത് കടയും താമസവും തുടങ്ങിയിട്ട് ഒരുവർഷമായി. കുടുംബസമേതമാണ് ഇയാൾ വർഷങ്ങൾക്ക് മുമ്പ് മലയോരത്തെത്തിയത് .എങ്കിലും ഇപ്പോൾ തനിച്ചാണ് ജോലിയും താമസവും. രാമാമൃതത്തിന്റെ ഫർണിച്ചർ കടയോട് ചേർന്നുള്ള മുറിയിൽ കട നടത്തുന്ന സരിതയുടെ ഭർത്താവ് നന്ദകുമാർ ഗൾഫിലാണ്.
കടയിൽ വന്ന് സരിതയെ ശല്യം ചെയ്യുന്നതായി നേരത്തെ രാമാമൃതത്തിനെതിരെ പരാതിയുണ്ടായതിനെ തുടർന്ന് രാമാമൃതത്തോട് മുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. സംഭവം അറിഞ്ഞ് യുവതിയുടെ ഭർത്താവ് ഗൾഫിൽ നിന്ന് ഇന്നലെ നാട്ടിലെത്തിയിട്ടുണ്ട്.
പ്രതിയെ കുടുക്കിയത് സജിതയുടെ മനോധൈര്യം
സരിതയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രാമാമൃതത്തെ പിടികൂടാൻ കഴിഞ്ഞത് സംഭവസമയത്ത് കടയിൽ ഉണ്ടായിരുന്ന സജിതയുടെ മനോധൈര്യം. സരിതയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ അതുവഴി വന്ന ബസിൽ പ്രതി ചാടിക്കയറുന്നത് ശ്രദ്ധയിൽപ്പെട്ട സജിതയും ഇതേ ബസിൽ കയറി. സംഭവം നടന്ന സ്ഥലത്ത് നിന്ന് രണ്ടാമത്തെ സ്റ്റോപ്പിലാണ് ബേഡകം പൊലീസ് സ്റ്റേഷൻ. ഇതിന് അടുത്ത് എത്താറായപ്പോൾ ബസ് സ്റ്റേഷനിലേക്ക് എടുക്കാൻ ജീവനക്കാരോട് നിർദ്ദേശിച്ച് സജിത ഒച്ചവെയ്ക്കുകയും യാത്രക്കാരുടെ സഹായത്തോടെ പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
സരിതയെ പ്രതി അപായപ്പെടുത്തുമ്പോൾ സജിത കടയിൽ ഉണ്ടായിരുന്നു. പൊള്ളലേറ്റ് പിടയുന്നത് കണ്ടപ്പോൾ സധൈര്യം മുന്നോട്ടുവന്ന് തീ കെടുത്തുന്നതിന് യുവതിയോട് നിലത്ത് വീണ് ഉരുളാൻ പറഞ്ഞതും ഇതേ സജിത തന്നെയായിരുന്നു. ഇവരുടെ സന്ദർഭോചിതമായ ഇടപെടലിനെ നാട്ടുകാരും പൊലീസും അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |