തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ ഗ്രൗണ്ടിൽതന്നെ ഡിജിറ്റൽ ലൈസൻസ് ലഭ്യമാക്കാൻ മോട്ടോർ വാഹന വകുപ്പ്. ഇതിനായി ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്യൂട്ടിയിലുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് ടാബ് നൽകുമെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാർ പറഞ്ഞു. നിലവിൽ ടെസ്റ്റ് പൂർത്തിയായശേഷം ഉദ്യോഗസ്ഥർ ഓഫീസിലെത്തി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമ്പോഴാണ് ലഭിക്കുന്നത്. ഇതിനുപകരം ഗ്രൗണ്ടിൽ നിന്നുതന്നെ ലൈസൻസ് അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ടെസ്റ്റ് പാസാകുന്നയാൾ ഗ്രൗണ്ട് വിട്ടുപോകുന്നതിനു മുമ്പുതന്നെ ഡിജിറ്റൽ ലൈസൻസ് ഫോണിലെത്തും.
ലൈസൻസ് പുതുക്കലടക്കം സേവനങ്ങൾക്ക് കിയോസ്‌കുകൾ ഏർപ്പെടുത്തും. സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ റെയിൽവേ സ്റ്റേഷനുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലാണിത്. ലൈസൻസും ആർ.സിയും കിയോസ്‌കുകൾ വഴി പ്രിന്റ് ചെയ്തു നൽകാനാണ് ആലോചിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിൽ ആഭ്യന്തര വിജിലൻസ് സംവിധാനം തുടങ്ങുന്നതും പരിഗണനയിലാ ണ്. സേവനങ്ങൾ സംബന്ധിച്ച ഫയൽനീക്കമടക്കം വിജിലൻസ് പരിശോധിക്കും. ഒരു ഫയലും അഞ്ചു ദിവസത്തിൽ കൂടുതൽ കെട്ടിക്കിടക്കാൻ പാടില്ല. അങ്ങനെയുണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്‌കൂളുകൾ വഴി 38 ലക്ഷം രൂപ ലാഭമുണ്ടായി.
കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളിലെ പഠിതാക്കളെ ബോധപൂർവം പരാജയപ്പെടുത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകും. പഠിതാവിനോട് സ്വകാര്യ സ്‌കൂളിൽ പോയി പരിശീലിച്ചുവരാനാണ് ഈ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.
'ഡ്രൈവിംഗ് ടെസ്റ്റ്
പരിഷ്കാരം: വിട്ടുവീഴ്ചയില്ല'
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. അങ്ങനെ ഇളവുണ്ടാകുമെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിൽ അവർക്ക് തെറ്റിപ്പോയിയെന്നും മന്ത്രി പറഞ്ഞു. പുതിയ ടെസ്റ്റ് രീതികൾക്കനുസൃതമായി ഗ്രൗണ്ടുകൾ ഒരുക്കാനുള്ള സാവകാശം നൽകുക മാത്രമാണ് ചെയ്തത്. പരിഷ്‌കരണവുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. നിലവിലെ 'എച്ച്' രീതിയെല്ലാം മാറും. ഡ്രൈവിംഗ് സ്‌കൂളുകളുടെ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ നൽകും. ഏതെങ്കിലും ഡ്രൈവിംഗ് സ്‌കൂളിന്റെ പേരിൽ വാഹനം രജിസ്റ്റർ ചെയ്തശേഷം വാടകയ്ക്ക് നൽകുന്ന പ്രവണത അനുവദിക്കില്ല. ഓട്ടോറിക്ഷകളിൽ ഫെയർ ചാർട്ട് പ്രദർശിപ്പിച്ച് അതിലുളള നിരക്ക് മാത്രമേ വാങ്ങാവൂ. ഇല്ലെങ്കിൽ നടപടിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |