ബേസിൽ ജോസഫ് നായകനായെത്തുന്ന 'മരണമാസ് ' എന്ന ചിത്രം സൗദി അറേബ്യയിൽ നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്‌ജെൻഡർ വ്യക്തിയും ഉൾപ്പെട്ടതിനാലാണ് ചിത്രം നിരോധിച്ചിരിക്കുന്നത്. അതേസമയം കുവൈറ്റിൽ ട്രാൻസ്‌ജെൻഡർ താരം അഭിനയിച്ച ഭാഗങ്ങൾ വെട്ടി മാറ്റി പ്രദർശിപ്പിക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടു.
"കുവൈറ്റിൽ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട്- കുവൈറ്റിലെ സെൻസർ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കൻഡ് ഹാഫിലെയും ചില സീനുകൾ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്. എഡിറ്റ് ചെയ്‌ത സീനുകളിലെ കല്ലുകടികൾ പൂർണമായി സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല എന്ന് കരുതുന്നു. എല്ലാവരും സിനിമ തീയേറ്ററുകളിൽ തന്നെ കാണുക..", എന്നാണ് മരണമാസ്സ് ടീം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേസമയം ചിത്രത്തിന് ഇന്ത്യയിൽ യു/ എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ടൊവിനോ പ്രൊഡക്ഷൻ , റാഫേൽ ഫിലിം പ്രോഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ശിവപ്രസാദാണ് സംവിധായകൻ. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ ബേസിൽ എത്തുന്നത്. നടൻ സിജു സണ്ണിയുടെ കഥയ്ത്ത് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |