ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ചെങ്ങന്നൂരിലെ സെൻട്രൽ
ഹാച്ചറിയിൽ അടുത്ത മാസം ആദ്യത്തോടെ മുട്ട വിരിയിക്കൽ പുനരാരംഭിക്കാനുള്ള
തയ്യാറെടുപ്പിലാണ് അധികൃതർ. ഇതിനായി ഹാച്ചറിയിലെ മുട്ടവിരിയിക്കൽ കേന്ദ്രങ്ങൾ വൃത്തിയാക്കി അണുമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ അന്തിമഘട്ടത്തിലാണ്. പക്ഷിപ്പനി വ്യാപനത്തെ തുടർന്നാണ് ഹാച്ചറിയുടെ പ്രവർത്തനം നിർത്തിവച്ചത്. അതേസമയം, ജില്ലയിലെ പക്ഷിപ്പനി നിയന്ത്രണം പിൻവലിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മുട്ട വിരിയിക്കാൻ കേന്ദ്രാനുമതി ലഭിക്കാത്തത് കർഷകർക്ക് തിരിച്ചടിയാണ്. എന്നാൽ, സംസ്ഥാനത്ത് ഒരിടത്തും നിലവിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തമിഴ്നാട്ടിലും കർണ്ണാടകയിലും രോഗം നിലനിൽക്കുന്ന
സാഹചര്യത്തിലാണ് കേന്ദ്രാനുമതി വൈകുന്നത്.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്തെ പക്ഷികളുടെ രക്തം നിയന്ത്രണം പിൻവലിച്ച ശേഷവും ഓരോ രണ്ട് ആഴ്ചയും പരിശോധിക്കുകയും ഫലം നെഗഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞാഴ്ചയും നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവ് ആയിരുന്നു. ഈ സാഹചര്യത്തിലാണ് മുട്ട വിരിയിക്കൽ പുനരാരംഭിക്കാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടുപോകുന്നത്. ഹാച്ചറി അടച്ചിട്ട ഒരുവർഷംകൊണ്ട് വിറ്റുവരവിനത്തിൽ സർക്കാരിന് 1.25 കോടി രൂപയാണ് നഷ്ടം വന്നത്. മാത്രമല്ല, ജില്ലയിലെ സ്വകാര്യ ഹാച്ചറികളിൽ മുട്ട വിരിയിക്കൽ നിർബാധം നടക്കുന്നുമുണ്ട്.
പതിനായിരത്തോളം കുടുബങ്ങൾക്ക് ആശ്വാസം
1.ആദ്യ അഞ്ചുമാസം കോഴിക്കുഞ്ഞുങ്ങളെ പുറത്തുനിന്ന് വാങ്ങി ഓരോ യൂണിറ്റായി വളർത്തുകയാണ് ലക്ഷ്യം. 2000 കുഞ്ഞുങ്ങൾ അടങ്ങുന്ന ഒരു യൂണിറ്റാണ് അടുത്ത മാസം തുടങ്ങുക. ഇതിനായി മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്ന് ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ 180 രൂപ നിരക്കിൽ വാങ്ങും. അഞ്ച് മാസം കഴിയുമ്പോൾ മുട്ട ഉത്പാദനം ആരംഭിക്കും
2.ബംഗളൂരുവിലെ സർക്കാർ ഹാച്ചറിയിൽ നിന്ന് കാവേരി ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനും പദ്ധതിയുണ്ട്. ഒരുയൂണിറ്റ് പൂർണ്ണ വളർച്ചയെത്തുമ്പോൾ 1750 എണ്ണം മാത്രമാണ് ലഭിക്കുക. മാസത്തിൽ 1.5ലക്ഷം പിടക്കോഴി കുഞ്ഞുങ്ങളെ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ബയോ സെക്യൂരിറ്റി സംവിധാനവും ഇവിടെയുണ്ട്.
3. ഹാച്ചറിയിൽ 920രൂപ നിരക്കിൽ 26 ദിവസവേതന തൊഴിലാളികളും 23സ്ഥിരം തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. ഹാച്ചറി അടച്ചതോടെ ദിവസവേതന തൊഴിലാളികളുടെ ജീവിതം ബുദ്ധിമുട്ടിലായിരുന്നു. മുട്ടവിരിയിക്കൽ പുനരാരംഭിക്കുന്നത് ഇവർക്കും
കർഷകരും ഇറച്ചി വിൽപ്പനക്കാരുമായി 10,000ത്തോളം കുടുബങ്ങൾക്കും ആശ്വാസമാകും
കേന്ദ്രാനുമതി ലഭിക്കാത്തത് കാരണമാണ് ഉത്പാദനം ആരംഭിക്കാൻ വൈകിയത്. ഹാച്ചറിയിലെ ഇങ്കുബേറ്റർ പ്രവർത്തനം തുടങ്ങുന്നതോടെ ആൺ, പെൺ കുഞ്ഞുങ്ങളെ തിരിയുന്നതിനുള്ള പരിശീലനവും ആരംഭിക്കും
-ഡോ.എസ്.സന്തോഷ്, പ്രൊഡക്ഷൻ മാനേജർ,
സെൻട്രൽ ഹാച്ചറി, ചെങ്ങന്നൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |