തിരുവനന്തപുരം: നിങ്ങൾക്ക് വേണ്ടത് എന്റെ രക്തമല്ലേ. അത് അത്രവേഗം കിട്ടില്ല. എന്റെ രാജി വരുമോ എന്നാണ് പലരും നോക്കുന്നത്. നോക്കി നിന്നോളൂ... മകൾ വീണ പ്രതിയായ മാസപ്പടി കേസുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് വാർത്താസമ്മേളനത്തിൽ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
സാമാന്യബുദ്ധി ഇല്ലാത്തതുകൊണ്ടാണ് മാസപ്പടി കേസ് വീണ്ടും വീണ്ടും ചോദിക്കുന്നത്. അത് കള്ളപ്പണമല്ല. ആദായനികുതിയും ജി.എസ്.ടിയും അടച്ച പണം കൊടുക്കാത്ത സേവനത്തിന് കിട്ടിയതെന്നല്ലേ ആരോപണം. സേവനത്തിന് കൊടുത്തതാണെന്ന് കൊടുത്ത സ്ഥാപനവും സേവനത്തിന് കിട്ടിയതാണെന്ന് വാങ്ങിയ കമ്പനിയും പറയുന്നു. പിന്നെ ആർക്കാണ് സംശയം.
കേന്ദ്ര ഏജൻസികളുടെ പ്രതികാരബുദ്ധിയാണോ?
അവരെക്കുറിച്ച് നിങ്ങൾക്കും നല്ല ധാരണയുണ്ടാകുമല്ലോ
പി.വി.എന്നത് പിണറായി വിജയൻ അല്ലെന്നാണോ?
വ്യക്തിപരമായി പണം വാങ്ങിയ പലരുമുണ്ടാകും. അവർ പറഞ്ഞുണ്ടാക്കുന്നതല്ലേ. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. പ്രശ്നം കോടതിയിലായിട്ടും എന്നെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് നടക്കുന്നത്.
സി.എം.ആർ.എൽ പണം നൽകിയത് മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണെന്നല്ലേ കേന്ദ്ര ഏജൻസി പറയുന്നത്?
ശുദ്ധ അസംബന്ധം. ഇതെല്ലാം പറയുന്നവർ നോക്കി നിൽക്കുന്നത് എന്റെ രാജിയാണ്. മോഹിച്ചു നിന്നോളൂ. അതാണ് നിങ്ങൾക്കും അറിയേണ്ടത്.
ബിനീഷ് കോടിയേരിക്കെതിരെ കേസുണ്ടായപ്പോൾ ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞത്. രണ്ടു നീതിയാണോ?
ബിനീഷിന്റെ കാര്യത്തിൽ കോടിയേരി ബാലകൃഷ്ണനെ പരാമർശിച്ചിരുന്നില്ല. ഇത് അങ്ങനെയല്ലല്ലോ. മുഖ്യമന്ത്രിയുടെ മകൾ എന്നല്ലേ പറയുന്നത്. അപ്പോൾ സർക്കാരിനും പാർട്ടിക്കും പ്രതിരോധിക്കേണ്ടിവരും. എത്രത്തോളം പോകുമെന്ന് നോക്കട്ടെ.
അത്ര ഗൗരവമില്ലെന്നാണോ?
അതെ, ഞാൻ വലിയ ഗൗരവമൊന്നും കാണുന്നില്ല. നിങ്ങളും അത്ര ബേജാറാകേണ്ട കാര്യമില്ല. കേസ് കോടതിയിലല്ലേ. നടക്കട്ടെ. കൂടുതൽ വിശദീകരണത്തിനില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |