കാസർകോട്: കാഞ്ഞങ്ങാട് കാണിയൂർ റെയിൽവേ പാതക്ക് കർണ്ണാടക സർക്കാരിന്റെ എൻ.ഒ.സി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണ്ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി അഹമ്മദാബാദിൽ നടക്കുന്ന കോൺഗ്രസ് സമ്മേളനത്തിനിടെ ചർച്ച നടത്തി.
2014ൽ നടത്തിയ സർവ്വേയുടെ വിശദവിവരം മുഖ്യമന്ത്രി ആരാഞ്ഞു. പദ്ധതിയുടെ വിശദമായ രേഖകളുമായി ബംഗളൂരിലെത്തി മുഖ്യമന്ത്രിയെ സന്ദർശിക്കാമെന്ന് എം.പി അദ്ദേഹത്തെ അറിയിച്ചു. അതിനുശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കാഞ്ഞങ്ങാട് -പാണത്തൂർ -കാണിയൂർ റെയിൽ പാതയുടെ നിർമ്മാണത്തിന് ആവശ്യമായ ആകെ തുകയുടെ അമ്പത് ശതമാനം കർണ്ണാടക- കേരള സംസ്ഥാനങ്ങൾ വഹിക്കേണ്ടതാണെന്നാണ് റെയിൽവേയുടെ നിർദ്ദേശം. കർണ്ണാടകയുടെ വിഹിതം നൽകാൻ സമ്മതം അറിയിച്ചുള്ള എൻ.ഒ.സി പദ്ധതിക്ക് ആവശ്യമാണ്.
പാത കർണ്ണാടകയിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കുന്നതിന്റെ പകുതി തുകയും കർണ്ണാടക വഹിക്കേണ്ടതുണ്ട്. റെയിൽവേ ഈ പദ്ധതിക്ക് മുൻകൈ എടുത്താൽ ബന്ധപ്പെട്ട തലങ്ങളിലുള്ള യോഗം മുഖ്യമന്ത്രി വിളിച്ചുചേർക്കും. മുൻ കർണ്ണാടക സർക്കാരുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും കേരള മുഖ്യമന്ത്രിയും ചർച്ച നടത്തിയിരുന്നെങ്കിലും അവർ വേണ്ടത്ര താൽപ്പര്യം കാണിച്ചിരുന്നില്ല. അത് ഈ പദ്ധതിയുടെ നടത്തിപ്പിന് കാലതാമസം നേരിട്ടതായും എംപി പറഞ്ഞു.
കാഞ്ഞങ്ങാട് കാണിയൂർ റെയിൽ പാത പദ്ധതിയുടെ മുന്നോട്ട് പോക്കിന് ഊർജ്ജം പകരുന്നതാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്ന് എംപി പറഞ്ഞു. തിരിച്ചെത്തിയാലുടൻ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ബംഗളൂരുവിലെത്തി മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണുമെന്നും എം.പി കൂട്ടിച്ചേർത്തു. കർണ്ണാടക ഊർജ്ജമന്ത്രിയും മലയാളിയുമായ കെ.ജെ ജോർജ്ജ് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |