ന്യൂഡൽഹി: മാസപ്പടിക്കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കരുതെന്ന് വാക്കാൽ നിർദ്ദേശിച്ചിരുന്ന പഴയ ബെഞ്ചിലേക്ക് വിടണമെന്ന സി.എം.ആർ.എല്ലിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി. കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന സി.എം.ആർ.എല്ലിന്റെ ആവശ്യം ഇനി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് പരിഗണിക്കും. ഇ.ഡി, എസ്.എഫ്.ഐ.ഒ അന്വേഷണങ്ങൾ റദ്ദാക്കണമെന്ന സി.എം.ആർ.എല്ലിന്റെ പ്രധാന ഹർജിയും ഈ ബെഞ്ചിലക്ക് വിട്ടു.
അതേസമയം, ഇന്നലെ സി.എം.ആർ.എല്ലിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടെ ബെഞ്ച് കേസിൽ സ്റ്റേ അനുവദിച്ചില്ല. കുറ്രപത്രം സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ സ്റ്റേ ആവശ്യം നിലനിൽക്കുമോയെന്നതിൽ സംശയവും പ്രകടിപ്പിച്ചു.
ജഡ്‌ജിയുടെ വാക്കാൽ നിർദ്ദേശമുണ്ടായിട്ടും എസ്.എഫ്.ഐ.ഒ കുറ്റപത്രം സമർപ്പിച്ചത് കോടതി ഉത്തരവിനെ ധിക്കരിക്കലാണെന്ന് സി.എം.ആർ.എല്ലിന്റെ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. വാക്കാൽ നിർദ്ദേശമുണ്ടായിരുന്നോ എന്ന് തനിക്കറിയില്ലെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു പറഞ്ഞു.
അങ്ങനെയെങ്കിൽ സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് തന്നെ കേൾക്കട്ടെയെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ നിലപാടെടുത്തു. തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസിന് ഹർജി കൈമാറാനും നിർദ്ദേശിച്ചു. കോടതി മാറ്റത്തിന് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് അനിവാര്യമാണ്. ഹർജി ഈമാസം 21ന് പരിഗണിച്ചേക്കും. പ്രോസിക്യൂഷൻ നടപടികൾക്ക് സ്റ്റേ അനുവദിക്കണമോ എന്നത് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് തീരുമാനിക്കും.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെടെ പ്രതിപട്ടികയിലുള്ള കേസിൽ ഇ.ഡി അന്വേഷണമുണ്ടായേക്കുമെന്ന് സൂചന. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കാൻ ഇ.ഡി തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |