തിരുവനന്തപുരം: ആശ സമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയെന്ന് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
സമരം തീരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ, സമരം നടത്തുന്നവർക്കും അതിനുതാത്പര്യം വേണ്ടേ?
തുടക്കം മുതൽ നൽകുന്ന അതേ ഇൻസെന്റീവ് തന്നെയാണ് ആശമാർക്ക് ഇന്നും കേന്ദ്രം നൽകുന്നത്.
അതേസമയം, 2016 മുതൽ ഇതുവരെ 6000 രൂപയുടെ വർദ്ധനയാണ് ഓണറേറിയത്തിൽ സംസ്ഥാനം നൽകിയത്. കേന്ദ്രവിഷ്‌കൃത പദ്ധതിയായ ആശമാരെ കേന്ദ്രം തൊഴിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ല.
സമരം ആർക്കെതിരെ ചെയ്യണം എന്ന് ആലോചിക്കണം. വേതനം കൂട്ടിയ സംസ്ഥാനത്തിന് എതിരെ വേണോ അതോ ഒന്നും കൂട്ടാത്ത കേന്ദ്രത്തിനെതിരെ വേണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശസമരത്തിൽ ഇടപെടുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് 26125 ആശമാരുണ്ട്. 95% ആശമാർ സമരത്തിൽ ഇല്ല. സമരസമിതി ഉന്നയിച്ച പല ആവശ്യങ്ങളും നടപ്പാക്കി. ഉപാധിരഹിത ഓണറേറിയം,ശൈലി സർവേയിലെ ഒ.ടി.പി സംവിധാനം,ലെപ്രസി സർവേയുമായി ഉന്നയിച്ച പ്രശ്നം,ഓണറേറിയവും ഇൻസെന്റീവുംകുടിശികവിതരണം,വിരമിക്കൽ പ്രായം തുടങ്ങിയവയിലെല്ലാം തീരുമാനമെടുത്തു.എന്നിട്ടും 21000 ഓണറേറിയവും അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും നൽകിയലേ പിന്മാറൂ എന്നാണ് സമര സമിതിയുടെ നിലപാട്. സർക്കാരിന് ഒരു വിരോധവുമില്ല. വാശിയുമില്ല. സമരം അവസാനിപ്പിക്കുകയാണ് സമരക്കാർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |