സഞ്ജുവിന്റെ രാജസ്ഥാൻ 'റോയലായി' തോറ്റു
അഹമ്മദാബാദ് : ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐ.പി.എൽ മത്സരത്തിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിന് കനത്ത തോൽവി. ഇന്നലെ അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തപ്പോൾ രാജസ്ഥാന്റെ മറുപടി 19.2 ഓവറിൽ 159 റൺസിൽ ഒതുങ്ങി. 58
റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം.
നായകൻ ശുഭ്മാൻ ഗില്ലിനെ(2)മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ ജൊഫ്ര ആർച്ചർ ബൗൾഡാക്കിയെങ്കിലും ഓപ്പണർ സായ് സുദർശൻ(82), മുൻ രാജസ്ഥാൻ താരം ജോസ് ബട്ട്‌ലർ(36), ഷാറുഖ് ഖാൻ (36),രാഹുൽ തെവാത്തിയ (24*) എന്നിവർ ചേർന്നാണ് 200 കടത്തിയത്.
മറുപടിക്കിറങ്ങിയ രാജസ്ഥാന് വേണ്ടി നായകൻ സഞ്ജു സാംസൺ(41),ഷിമ്രോൺ ഹെറ്റ്‌മേയർ (52), റിയാൻ പരാഗ് (26) എന്നിവർ മാത്രമാണ് അൽപ്പമെങ്കിലും പൊരുതിനോക്കിയത്. യശസ്വി ജയ്സ്വാൾ (6), നിതീഷ് റാണ (1),ധ്രുവ് ജുറേൽ (5),ശുഭം ദുബെ(1) തുടങ്ങിയവരുടെ നിരുത്തരവാദപരമായ പുറത്താകലുകളാണ് രാജസ്ഥാന്റെ താളം തെറ്റിച്ചത്. നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തിയ റാഷിദ് ഖാനും സായ് കിഷോറും ഓരോ വിക്കറ്റ് വീഴ്ത്തിയ സിറാജും അർഷദ് ഖാനും കുൽവന്ത് ഖെജ്റോളിയയും ചേർന്നാണ് രാജസ്ഥാനെ അരിഞ്ഞിട്ടത്.
രണ്ടാം വിക്കറ്റിൽ സായ്‌യും ബട്ട്‌ലറും കൂട്ടിച്ചേർത്ത 80 റൺസാണ് ഗുജറാത്ത് ഇന്നിംഗ്സിന്റെ അടിത്തറയായത്. ആദ്യ 10 ഓവറിൽ ടീമിനെ 94ലെത്തിച്ച ശേഷമാണ് ബട്ട്‌ലർ തീഷ്ണയുടെ പന്തിൽ എൽ.ബിയിൽ കുരുങ്ങി മടങ്ങിയത്. പകരമിറങ്ങിയ ഷാറുഖ് ഖാൻ മൂന്നാം വിക്കറ്റിൽ സായ്‌ക്കൊപ്പം 34 പന്തുകളിൽ 62 റൺസ് കൂട്ടിച്ചേർത്തശേഷമാണ് മടങ്ങിയത്. തുടർന്ന് ഷെർഫെയ്ൻ റൂതർഫോഡ്(7) പെട്ടെന്ന് മടങ്ങിയെങ്കിലും സായ് മുന്നോട്ടുനീങ്ങി. സായ് പുറത്തായശേഷം തെവാത്തിയ 12 പന്തുകളിൽ രണ്ടുവീതം ഫോറും സിക്സുമടിച്ച് സ്കോർ ഉയർത്തി.
53 പന്തുകളിൽ എട്ടുഫോറും മൂന്ന് സിക്സും പായിച്ച് 82 റൺസിലെത്തിയ സായ് 19-ാം ഓവറിൽ ടീം സ്കോർ 187ലെത്തിച്ച ശേഷമാണ് തുഷാർദേശ്പാണ്ഡെയുടെ പന്തിൽ സഞ്ജുവിന് ക്യാച്ച് നൽകി മടങ്ങിയത്.സായ്‌യുടെ ഈ സീസണിലെ മൂന്നാമത്തെ അർദ്ധസെഞ്ച്വറിയും ഏറ്റവും ഉയർന്ന സ്കോറുമാണിത്.
അഞ്ചുമത്സരങ്ങളിൽ നാലാം ജയം നേടി എട്ടുപോയിന്റുമായി ഗുജറാത്ത് പട്ടികയിൽ ഒന്നാമതെത്തി.
അഞ്ച് കളികളിൽ രാജസ്ഥാന്റെ മൂന്നാം തോൽവി, പട്ടികയിൽ ഏഴാമത്.
സായ് സുദർശൻ മാൻ ഒഫ് ദ മാച്ച്.
ഇന്നത്തെ മത്സരം
ആർ.സി.ബി Vs ഡൽഹി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |