ആലപ്പുഴ: നെൽകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 10ന് തുറക്കാൻ ഉപദേശക സമിതി യോഗം തീരുമാനിച്ചു. അടുത്ത തവണ മുതൽ കാർഷിക കലണ്ടർ പ്രകാരം തന്നെ കൃഷിയിറക്കി മുന്നോട്ട് പോകാൻ ശ്രമിക്കണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി പി.പ്രസാദ് നിർദേശിച്ചു. ഓൺലൈനായാണ് മന്ത്രി യോഗത്തിൽ പങ്കെടുത്തത്.
പാടശേഖരങ്ങളിലെ കൊയ്ത്ത്ത് ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഓരുജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്ന് കളക്ടർ അലക്‌സ് വർഗീസ് പറഞ്ഞു. ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നതിന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.
യോഗത്തിൽ തോമസ് കെ.തോമസ് എം.എൽ.എ ഓൺലൈനായി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |