തിരുവനന്തപുരം: കള്ള് ഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കഴിഞ്ഞ ജൂണിൽ മദ്യനയവുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ നടന്നപ്പോൾ എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഷാപ്പ് ലൈസൻസികളുടെ പ്രതിനിധികളോട് പറഞ്ഞിരുന്നതാണ്. എന്നാൽ ഈ ആവശ്യം സർക്കാർ അവഗണിച്ചു.
ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, പട്ടികജാതി/ പട്ടിക വർഗ കോളനികൾ, ശ്മശാനങ്ങൾ തുടങ്ങി പ്രത്യേകം നിർവചിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്ന് നിശ്ചിത അകലത്തിൽ വേണം മദ്യശാലകൾ പ്രവർത്തിക്കാൻ . ഫോർ സ്റ്റാർ , ഫൈവ് സ്റ്റാർ ബാർ ഹോട്ടലുകൾ 50 മീറ്ററും ത്രീസ്റ്രാർ ബാറുകൾ 200 മീറ്ററും ദൂരപരിധി പാലിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ,
കള്ള് ഷാപ്പുകൾക്ക് 400 മീറ്ററാണ് ദുരപരിധി. ഇത് കുറയ്ക്കണമെന്ന ലൈസൻസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
5500 ഓളം കള്ള് ഷാപ്പുകളാണ് നേരത്തെ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ലൈസൻസുള്ള ഷാപ്പുകളുടെ എണ്ണം 4500 -ൽ താഴെയായി. 30,000 ത്തിലധികം തൊഴിലാളികളുണ്ടായിരുന്നത് പകുതിയായി കുറഞ്ഞു. എന്നാൽ ബാറുകളുടെ നിശ്ചിത ദൂരത്തിനുള്ളിൽ ബെവ്കോ ചില്ലറ വില്പനശാലകൾ തുറക്കേണ്ടെന്ന നിലപാടാണ് സർക്കാരിനെന്ന് മന്ത്രി വ്യക്തമാക്കി. മദ്യനയത്തിൽ ഇക്കാര്യം പറയുന്നില്ലെങ്കിലും അങ്ങനെയാണ് ഇപ്പോൾ ചില്ലറവില്പന ശാലകൾ പ്രവർത്തിക്കുന്നത്. 35 ലക്ഷം രൂപ ബാറുകാരിൽ നിന്ന് ലൈസൻസ് ഫീസ് ഈടാക്കുന്നതാണ് ഈ നിലപാടിന് കാരണം.
ഡ്രൈഡേയിൽ മദ്യം: സ്വാഗതം ചെയ്ത് ടൂറിസം മേഖല
ഒന്നാം തീയതികളിൽ മദ്യം വിളമ്പാൻ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള പുതിയ മദ്യനയത്തെ സ്വാഗതം ചെയ്ത് ടൂറിസം മേഖല. 'മൈസ്", കപ്പൽ ടൂറിസങ്ങൾക്ക് പുതിയ നയം ഉണർവാകും. ടൂറിസം മേഖലയുടെ ദീർഘകാല ആവശ്യമാണ് അംഗീകരിച്ചതെന്ന് സംഘടനകൾ പ്രതികരിച്ചു.
ടൂറിസം വകുപ്പിന്റെ പുതിയ മൈസ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ടൂറിസം പദ്ധതിക്ക് കരുത്തു പകരുന്നതാണ് തീരുമാനമെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. സമ്മേളനങ്ങൾ, വിവാഹങ്ങൾ, പ്രദർശനങ്ങൾ എന്നിവയാണ് മൈസ് (എം.ഐ.സി.ഇ) ടൂറിസമെന്ന് വിശേഷിപ്പിക്കുന്നത്. മൈസ് ടൂറിസത്തിന് വലിയ സാദ്ധ്യതയുള്ള കേരളത്തിൽ പ്രധാന തടസം മദ്യനയമായിരുന്നു.
ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾ, ഹെറിറ്റേജ്, ക്ലാസിക് റിസോർട്ടുകൾ എന്നിവയ്ക്കാണ് ഏകദിന പെർമിറ്റോടെ ഒന്നാം തീയതി മദ്യം വിളമ്പാൻ അനുമതി നൽകിയത്. ആഡംബര കപ്പലുകളിൽ മദ്യം വിളമ്പാനുള്ള അനുമതി ക്രൂസ് ടൂറിസം വികസനത്തിന് ഗുണമാകുമെന്ന് കെ.ടി.എം സെക്രട്ടറി എസ്. സ്വാമിനാഥൻ പറഞ്ഞു.
വിവാഹം, അന്താരാഷ്ട്ര സമ്മേളനങ്ങൾ എന്നിവയ്ക്കുള്ള വേദിയായി കേരളത്തെ തെരഞ്ഞെടുക്കാനും വിദേശികളെ ആകർഷിക്കാനും തീരുമാനം ഗുണകരമാകുമെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള (ഇമാക് ) പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു. ഉന്നത മൂല്യമുള്ള ആഭ്യന്തര, അന്താരാഷ്ട്ര പരിപാടികൾ കേരളത്തിലേക്ക് ആകർഷിക്കാൻ സാധിക്കും. ഇവന്റ്, ഹോസ്പിറ്റാലിറ്റി രംഗങ്ങളിൽ കേരളത്തെ ആഗോള കേന്ദ്രമാക്കാൻ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |