പത്തനംതിട്ട: കൊവിഡ് രോഗിയായ ഇരുപതുകാരിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറും കായംകുളം സ്വദേശിയുമായ പ്രതി നൗഫൽ കുറ്റക്കാരനാണെന്ന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എൻ.ഹരികുമാർ കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. പ്രതിക്ക് ജീവപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂട്ടർ അഡ്വ. ടി.ഹരികൃഷ്ണൻ വാദിച്ചു.
2020 സെപ്തംബർ അഞ്ചിന് രാത്രിയായിരുന്നു സംഭവം. കൊവിഡ് ബാധിതരായ രണ്ട് യുവതികളുമായാണ് നൗഫൽ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് തിരിച്ചത്. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും അടുത്തയാളെ കൊവിഡ് കെയർ സെന്ററിലും എത്തിക്കണമെന്നായിരുന്നു നിർദ്ദേശം. കോഴഞ്ചേരിയിലെ ആശുപത്രിയിൽ എത്തിയശേഷം ഇരുപതുകാരിയുമായി പന്തളം അർച്ചന ഹോസ്പിറ്റലിലെ കൊവിഡ് കെയർ സെന്ററിലേക്ക് തിരിച്ചു.
അതിനിടെ വഴിതിരിഞ്ഞ് ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. അവശയായ യുവതിയെ പിന്നീട് പന്തളത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് യുവതി സംഭവം വെളിപ്പെടുത്തി. അതിനിടെ നൗഫൽ ആംബുലൻസുമായി കടന്നു. പിന്നീട് ആറന്മുള പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |