തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസ് ഉച്ചികുത്തി താഴെവീഴുമെന്നും എടുക്കാച്ചരക്കായി മാറുമെന്നുമുള്ള വിവാദ ഫോൺ സംഭാഷണം പാർട്ടിക്ക് നാണക്കേടായതിനു പിന്നാലെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജിവച്ചു. കെ.പി.സി.സി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണിത്. ഇന്നലെ രാത്രി എട്ടുമണിയോടെ നൽകിയ രാജി സ്വീകരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് അറിയിച്ചു. പകരം ആർക്കും ചുമതല നൽകിയിട്ടില്ല.
100 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പാർട്ടി നേതാക്കൾ ആവർത്തിക്കുന്നതിനിടെയാണ് കോൺഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ സംഭാഷണം പുറത്തായത്. എൽ.ഡി.എഫ് ഭരണം തുടരുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും കോൺഗ്രസ് അധോഗതിയിലാകും എന്നുമായിരുന്നു സംഭാഷണം. വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീലിനോടായിരുന്നു കുറച്ചുനാൾ മുൻപ് നടത്തിയ ഫോൺ സംഭാഷണം. ജലീലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പാർട്ടി പുറത്താക്കി.
''പാർട്ടിയിലെ മുസ്ലിം കമ്മ്യൂണിറ്റിയിൽ ഉള്ളവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും വേറെ ചില പാർട്ടികളിലും പോകും. ചില ആളുകൾ ബി.ജെ.പിയിലും മറ്റേതെങ്കിലും പാർട്ടിയിലും പോകും. ഇത് എടുക്കാച്ചരക്കായി തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മാറും. പ്രാദേശിക തലത്തിൽ കോൺഗ്രസിന്റെ മുഖം വികൃതമാണ്. പാർട്ടിയിലെ ഒരാൾക്കും പരസ്പര സഹകരണമില്ല. നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാൻ കോൺഗ്രസിൽ ആളില്ല.
നേതാക്കന്മാരുമായി ബന്ധമുണ്ടാക്കി നടക്കുകയാണ് പ്രാദേശിക നേതാക്കൾ. തദ്ദേശ തിരഞ്ഞടുപ്പിൽ നെല്ലനാട്, പുല്ലമ്പാറ, പനവൂർ, ആനാട്, നന്ദിയോട് പഞ്ചായത്തുകളിൽ വിജയിക്കാൻ സാദ്ധ്യതയില്ല""- എന്നിങ്ങനെയായിരുന്നു സംഭാഷണം.
കുരുക്കിയ
ഡയലോഗ്
പാലോട് രവിയുടെ സംഭാഷണത്തിൽ നിന്ന്: ''60 അസംബ്ലി മണ്ഡലത്തിൽ ബി.ജെ.പി എന്തുചെയ്യാൻ പോകുന്നുവെന്ന് നോക്കിക്കോ. അവർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശുകൊടുത്ത് 40,000 -50,000 വോട്ട് പിടിക്കും. കോൺഗ്രസ് മൂന്നാം സ്ഥാനത്ത് ഉച്ചികുത്തിവീഴും'. തീർച്ചയായിട്ടും അത് സംഭവിക്കുമെന്നും പാർട്ടി നശിക്കുമെന്നും ജലീലും പാലോട് രവിയോട് പറയുന്നുണ്ട്.
ചോദിച്ചു വാങ്ങിയ രാജി
കോൺഗ്രസിന്റെ സംഘടനാസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അത്തരമൊരു മെസേജ് നൽകിയതെന്ന് പാലോട് രവി മാദ്ധ്യമങ്ങളോട് വിശദീകരിച്ചെങ്കിലും പാർട്ടി നേതൃത്വം ചെവിക്കൊണ്ടില്ല. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എ.ഐ.സി.സി, സംസ്ഥാന നേതാക്കളുമായടക്കം ചർച്ച ചെയ്തതിനു പിന്നാലെ രാജി ആവശ്യപ്പെടുകയായിരുന്നു. എ.ഐ.സി.സി നിർദ്ദേശ പ്രകാരമാണിത്. രാജി വച്ചില്ലെങ്കിൽ പുറത്താക്കാനും തീരുമാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |