കൊല്ലം: ടാറിംഗിലെ അപാകം മൂലമുണ്ടായ ഉയര വ്യത്യാസം കളക്ടറേറ്റ് ഭാഗത്തെ റോഡിലും കർബല റെയിൽവേ സ്റ്റേഷൻ റോഡിലും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
ഒരു വശത്ത് മാത്രം റീ ടാർ ചെയ്തതിനാൽ ഉയർന്നും താഴ്ന്നുമാണ് റോഡിന്റെ അവസ്ഥ. നാളുകൾ ഏറെ കഴിഞ്ഞിട്ടും മറു ഭാഗം ടാറിട്ട് ഉയർത്താൻ അധികൃതർ തയ്യാറാകുന്നില്ല. വീതി കുറഞ്ഞ ചക്രങ്ങളുള്ള ഇരുചക്രവാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. കളക്ടറേറ്റിനു മുന്നിലൂടെ പോകുന്ന റോഡിൽ വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്തെ വളവിലാണ് ഒരു വശം മാത്രം ഉയർന്ന് നിൽക്കുന്ന തരത്തിൽ ടാർ ചെയ്തിരിക്കുന്നത്. വളവ് തിരിയുന്ന സമയം നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയാണ് ഈ ഭാഗത്തുള്ളത്. കർബല- റെയിൽവേ സ്റ്റേഷൻ റോഡിലും സമാനമായ അവസ്ഥയാണുള്ളത്.
മഴയത്ത് ഇരട്ടി ദുരിതം
മഴ സമയത്ത് ദുരിതം ഇരട്ടിക്കും. പെട്ടെന്ന് ബ്രേക്കിടുയോ വാഹനത്തെ മറിക്കാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യുമ്പോൾ ഉയര വ്യത്യാസമുള്ള ഭാഗങ്ങളിൽ ഇരുചക്രവാഹന യാത്രക്കാർ വീഴുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. കാൽനടയാത്രക്കാർക്ക് റോഡിന്റെ ഈ അവസ്ഥ അപകടക്കെണിയാവുന്നുണ്ട്. റോഡ് മുറിച്ച് കടക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉയരം കൂടിയ ഭാഗത്ത് വീണ് പരിക്കേൽക്കും. എത്രയും വേഗം റോഡ് ഒരേ നിരപ്പാക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാടിന്റെ ആവശ്യം.
വളരെ സൂക്ഷിച്ചാണ് ബൈക്ക് ഓടിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ബൈക്ക് തെന്നി അപകടം ഉണ്ടാകുമെന്ന് ഉറപ്പാണ്
അമൽ, ഇരുചക്രവാഹന യാത്രക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |