കണ്ണൂർ: അവരെ കാണാതായതാണ് തിരിച്ചു കിട്ടുമെന്നാണ് കരുതിയത്. ഇങ്ങനെ കാണേണ്ടി വരുമെന്ന് വിചാരിച്ചില്ല. പതിനാലും പത്തും വയസുള്ള രണ്ട് കുഞ്ഞുങ്ങളെ കിണറ്റിലിട്ട് സത്യഭാമ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്ന ധ്വനിയായിരുന്നു അയൽവാസിയുടെ വാക്കുകളിൽ. മക്കളെ കിണറ്റിലിട്ട് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടലിലാണ് ഇന്നലെ രാവിലെ മുതൽ അഴീക്കോട് തീരദേശം.
കാണാതായതിന് തൊട്ടുപിറകെ വീട്ടുകാർ പൊലീസിനെ അറിയിച്ചതാണ്. പൊലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. രാത്രി രണ്ടരയോടെയാണ് സത്യഭാമയെയും മക്കളെയും കാണാനില്ലെന്ന വിവരം ലഭിച്ചതെന്നും അപ്പോൾ തന്നെ സ്ഥലത്ത് പൊലീസ് എത്തിയിരുന്നെന്ന് അയൽവാസി പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്തിയ കിണറ്റിൽ രാത്രി തന്നെ രാത്രി തന്നെ കിണറ്റിൽ പരിശോധന നടത്തിയിരുന്നു. കിണറ്റിൽ കലക്കവെള്ളമായതിനാൽ സംശയാസ്പദമായി ഒന്നും കാണാനായില്ല.
ആദ്യം കണ്ടത് സത്യഭാമയുടെ മൃതദേഹം
സത്യഭാമയുടെ മൃതദേഹമാണ് രാവിലെ ആദ്യം പൊങ്ങിയത്. തുടർന്ന് കൊക്ക ഉപയോഗിച്ച് കുത്തി പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ മൃതദേഹവും കിണറ്റിലുണ്ടെന്ന് വ്യക്തമായത്. വലിയ രീതിയിലുള്ള കുടുംബ പ്രശ്നങ്ങൾ ഇവർക്കിടയിൽ ഉള്ളതായി അറിയില്ലെന്ന് അയൽവാസി പറഞ്ഞു. ഇതു തന്നെയാണ് പൊലീസും ഏറെക്കുറെ സ്ഥിരീകരിക്കുന്നത്. സത്യഭാമയ്ക്ക് ചെറിയ രീതിയിലുളളള മാനസിക അസ്വാസ്ഥ്യമുള്ളതായി അയൽവാസികളിൽ നിന്ന് വിവരം ലഭിക്കുന്നുണ്ട്.
വിതുമ്പി ഉറ്റ കൂട്ടുകാർ
വേനലവധിയിൽ എപ്പോഴും കൂടെയുണ്ടാകാറുള്ള ശിവനന്ദിന്റെയും അശ്വന്തിന്റെയും ചലനമറ്റ ശരീരങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടുകയായിരുന്നു കൂട്ടുകാർ. ഒഴിവു സമയങ്ങളിലെല്ലാം
വീട്ടുപരിസരത്ത് കളിയിലായിരുന്നു ഇവരെല്ലാം. ചേതനയറ്റ മൃതദേഹങ്ങൾക്ക് മുന്നിൽ വിതുമ്പുകയായിരുന്ന കുട്ടികൾ നാടിന് ഹൃദയഭേദകമായ കാഴ്ചയായി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്ത് പൊലീസ്
മക്കളെ കൊലപ്പെടുത്തിയ ശേഷം സത്യഭാമ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വളപട്ടണം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്്. മക്കളെ കിണറ്റിൽ എറിഞ്ഞതിനു ശേഷം അമ്മയും കിണറ്റിൽ ചാടിയതാണെന്ന് സംശയിക്കുന്നു. മൃതദേഹങ്ങൾ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |