വിപണികളിൽ അനിശ്ചിതത്വം ഒഴിയുന്നില്ല
ചൈനയും അമേരിക്കയും മത്സരിച്ച് തീരുവ കൂട്ടുന്നു
കൊച്ചി: ലോക വിപണികളെ മുൾമുനയിലാക്കി അമേരിക്കയും ചൈനയും മത്സരിച്ച് തീരുവ വർദ്ധിപ്പിക്കുന്നു. അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന ഇന്നലെ 84 ശതമാനത്തിൽ നിന്ന് 125 ശതമാനമായാണ് ഉയർത്തിയത്. ചൈനയ്ക്ക് മേൽ ഡൊണാൾഡ് ട്രംപ് 145 ശതമാനം പകരച്ചുങ്കം ചുമത്തിയതിന് തിരിച്ചടിയായാണ് പുതിയ നീക്കം. ഇതിനിടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യം പതിറ്റാണ്ടിനിടെയിലെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് മൂക്കുകുത്തി. അമേരിക്കൻ സാമ്പത്തിക മേഖലയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടതോടെ പ്രമുഖ നിക്ഷേപകരും കേന്ദ്ര ബാങ്കുകളും അമേരിക്കൻ ആസ്തികൾ വിറ്റൊഴിഞ്ഞ് സുരക്ഷിത മേഖലകളായ സ്വിസ് ഫ്രാങ്ക്, ജാപ്പനീസ് യെൻ, യൂറോ, സ്വർണം എന്നിവയിലേക്ക് പണം മാറ്റിയതാണ് ഡോളറിന് തിരിച്ചടിയായത്.
അമേരിക്കൻ ഓഹരി വിപണിയായ വാൾസ്ട്രീറ്റിലും കനത്ത വിൽപ്പന സമ്മർദ്ദം ദൃശ്യമായി. അമേരിക്കൻ കടപ്പത്രങ്ങളുടെ മൂല്യവും കുത്തനെ കുറഞ്ഞു. വിവിധ രാജ്യങ്ങളിലായി 35 ലക്ഷം കോടി ഡോളറിന്റെ അമേരിക്കൻ കടപ്പത്രങ്ങളാണ് വിപണിയിലുള്ളത്.
അമേരിക്കയിലുള്ള വിശ്വാസം നഷ്‌ടമാകുന്നു
ലോകത്തിലെ ഏറ്റവും സുരക്ഷിത നിക്ഷേപമെന്ന പദവി അമേരിക്കൻ കടപ്പത്രങ്ങൾക്ക് നഷ്‌ടമാകുന്നു. ലോക രാജ്യങ്ങളുടെ വിശ്വാസത്തിൽ ഇളക്കമുണ്ടായതോടെ നിക്ഷേപകർ അമേരിക്കയുടെ കടപ്പത്രങ്ങൾ വൻതോതിൽ വിറ്റുമാറുന്നതാണ് പുതിയ വെല്ലുവിളി. അമേരിക്കയിലെ ഓഹരികളും കടപ്പത്രങ്ങളും ഡോളറും ഒരേ സമയം തിരിച്ചടി നേരിടുന്നത് അസാധാരണമാണെന്ന് അനലിസ്‌റ്റുകൾ പറയുന്നു. അമേരിക്കയുടെ ബദലായി ചൈനയെ ഉയർത്തി കാട്ടാൻ ചില യൂറോപ്യൻ രാജ്യങ്ങൾ തയ്യാറാകുന്നതും മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുടെ സൂചനയാണ്.
പ്രധാന വെല്ലുവിളികൾ
1. ട്രംപിന്റെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിക്കുന്നു
2. അമേരിക്കയുടെ ബഡ്‌ജറ്റ് കമ്മി 1.3 ലക്ഷം കോടി ഡോളറായി ഉയർന്നു
3. അമേരിക്കയുടെ പത്ത് ശതമാനം അടിസ്ഥാന തീരുവ തിരിച്ചടിയെന്ന് യൂറോപ്യൻ യൂണിയൻ
4. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യ സാഹചര്യങ്ങൾ ശക്തമാകുന്നു
ആഗോള വിപണിയിലുള്ളത് 35 ലക്ഷം കോടി ഡോളറിന്റെ യു.എസ് കടപ്പത്രങ്ങൾ
പവൻ വില 70,000 രൂപയിലേക്ക്
ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് 1,480 രൂപ വർദ്ധിച്ച് 69,960 രൂപയിലെത്തി. ഗ്രാമിന്റെ വില 185 രൂപ ഉയർന്ന് 8,745 രൂപയിലെത്തി. അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം ശക്തിയാർജിച്ചതോടെ നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണം വാങ്ങിക്കൂട്ടിയതോടെ രാജ്യാന്തര വിപണിയിൽ വില ഔൺസിന് 3,225 ഡോളർ വരെ ഉയർന്നു. ചുങ്കപ്പോര് കടുത്തതോടെ ചൈനയുടെ പക്കലുള്ള 76,000 കോടി ഡോളർ ട്രഷറി ബോണ്ടുകൾ വിറ്റഴിക്കുമെന്ന ഭീഷണിയാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചത്. ഇപ്പോഴത്തെ വിലയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും നികുതിയും സെസുമടക്കം 75,000 രൂപയിലധികമാകും.
ഇന്ത്യൻ ഓഹരികൾക്ക് കുതിപ്പ്
ഇന്ത്യയുടെ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന്റെ ബലത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കുതിച്ചു. ആഗോള വിപണികളിലെ ഇടിവ് അവഗണിച്ചാണ് സെൻസെക്സും നിഫ്‌റ്റി മികച്ച മുന്നേറ്റം നടത്തിയത്. സെൻസെക്‌സ് 1,310.11 പോയിന്റ് ഉയർന്ന് 75,157.26ൽ അവസാനിച്ചു. നിഫ്‌റ്റി 429.4 പോയിന്റ് കുതിച്ച് 22,828.55ൽ അവസാനിച്ചു. ഏഷ്യയിലെയും യൂറോപ്പിലെയും ഓഹരികൾ ഇന്നലെ തകർച്ച നേരിട്ടിരുന്നു.
കരുത്തോടെ രൂപ
ആഗോള വിപണിയിൽ ഡോളർ ദുർബലമായതോടെ ഇന്ത്യൻ രൂപ 61 പൈസയുടെ നേട്ടത്തോടെ 86.07ൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |