കൊച്ചി: എസ്.എഫ്.ഐ നേതാവിനെ പിടികൂടിയ കളമശേരി എസ്.ഐയെ ഭീഷണിപ്പെടുത്തി സി.പി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ. കൊച്ചി യൂണിവേഴ്സിറ്റിയിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്.എഫ്.ഐ നേതാവിനെ ജീപ്പിൽ കയറ്റിയതിനാണ് കളമശേരി എസ്.ഐ അമൃത് രംഗനെ ഫോണിൽ വിളിച്ച് പാർട്ടി ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്. എസ്.ഐയെക്കുറിച്ച് മോശം അഭിപ്രായമാണ് ഉള്ളതെന്നും കളമശേരിയിലെ രാഷ്ട്രീയവും നിലപാടുകളും മനസിലാക്കി ഇടപെടണം എന്നാണ് സക്കീർ ഹുസൈൻ അമൃത് രംഗനോട് പറയുന്നത്. ഈ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്.
ആദ്യം നേതാവിനോട് അനുനയപൂർവം സംസാരിച്ച എസ്.ഐ, നേതാവിന്റെ ഭീഷണി സ്വരം കടുത്തപ്പോൾ തനിക്ക് പറയാനുള്ളത് തുറന്ന് പറഞ്ഞു. തനിക്ക് നിലപാടുകൾ നോക്കി ജോലി ചെയ്യാൻ ആകില്ലെന്നും ഞാൻ ആരുടേയും കാല് പിടിച്ചിട്ടല്ല വന്നതെന്നും അമൃത് രംഗൻ സക്കീർ ഹുസൈനോട് പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർത്ഥികളോട് മാന്യമായി പെരുമാറണം എന്ന് പറയുന്ന സി.പി.എം നേതാവിനോട് ഇവിടെ കിടന്ന് മരിച്ചാലും വിദ്യാർത്ഥികളെ തല്ലാൻ ഞാൻ സമ്മതിക്കില്ല എന്നും നിങ്ങൾക്ക് എന്താണെന്ന് വച്ചാൽ ചെയ്യാനും എസ്.ഐ പറഞ്ഞു.
ടെസ്റ്റ് എഴുതിയാണ് പാസായത്. നിങ്ങൾ പറയുന്നിടത്ത് ഇരിക്കാനും പണിയെടുക്കാനും പറ്റില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ കൊണ്ടിരുത്താം. ഇങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ല. എസ്.ഐ സക്കീർ ഹുസൈനോട് പറഞ്ഞു. അമൃത് മാത്രമല്ല പൊലീസെന്നും, കൊമ്പുണ്ടോ എന്നും ചോദിക്കുന്ന നേതാവിനോട് തനിക്ക് കൊമ്പില്ലെന്നും സക്കീറിന് കൊമ്പുണ്ടെങ്കിൽ ഇഷ്ടമുള്ളത് ചെയ്യാമെന്നും അമൃത് രംഗൻ തിരിച്ചടിച്ചു. ഇതിന് ഉയർന്ന ഉദ്യോഗസ്ഥരെല്ലാം തന്നോട് മാന്യമായാണ് സംസാരിക്കാറുള്ളത് എന്നാണ് സി.പി.എം നേതാവ് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |