കൊൽക്കത്ത: വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം വൻ സംഘർഷമായി വളർന്ന പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ അതീവ ജാഗ്രത തുടരുന്നു. സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി ഉയർന്നു. പ്രതിഷേധ മേഖലയിൽ കേന്ദ്രസർക്കാർ കൂടുതൽ ബിഎസ്‌എഫ് ജവാന്മാരെ വിന്യസിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി സാഹചര്യം നേരിട്ട് വിലയിരുത്തും. സംഘർഷം വ്യാപിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചതായാണ് ബംഗാൾ സർക്കാർ വ്യക്തമാക്കുന്നത്. അതേസമയം, വഖഫ് നിയമ ഭേദഗതിക്കെതിരായി ത്രിപുരയിലും സംഘർഷം ആരംഭിച്ചിരിക്കുകയാണ്.
മുർഷിദാബാദിലെ സംഘർഷത്തിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ജാഫ്രാബാദിലെ വീട്ടിൽ ഹർഗോവിന്ദ ദാസ്, ചന്ദൻ ദാസ് എന്നിവരെ വെട്ടേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ വീട് അക്രമികൾ കൊള്ളയടിച്ചു. സാംസർഗഞ്ചിലെ ധുലിയാനിൽ മറ്റൊരാളെ വെടിയേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. സംഘർഷത്തിൽ പൊലീസുകാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
മുർഷിദാബാദിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഉത്തരവിട്ടു. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നൽകിയ ഹർജിയിലാണ് ഉത്തരവ്. മുർഷിദാബാദിൽ സമാധാനം പുനഃസ്ഥാപിക്കണം. അവിടെ നടക്കുന്ന കാര്യങ്ങളിൽ കോടതിക്ക് കണ്ണടച്ചിരിക്കാൻ സാധിക്കില്ലെന്നും പ്രത്യേക ബെഞ്ച് നിരീക്ഷിച്ചിരുന്നു. സ്ഥിതിഗതികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടും കേന്ദ്രത്തോടും നിർദ്ദേശിച്ചിട്ടുണ്ട്. ഏപ്രിൽ 17നാണ് കേസിൽ കൂടുതൽ വാദം കേൾക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |