മക്രേരി ക്ഷേത്ര തീർത്ഥാടന ടൂറിസം പദ്ധതി നാടിന് സർപ്പിച്ചു
കണ്ണൂർ: യഥാർത്ഥ ചരിത്ര വസ്തുതകൾ കൊണ്ട് നുണകളെ നേരിടാൻ നമ്മെ പ്രാപ്തമാക്കുന്ന വിജ്ഞാനശാലയാണ് മ്യൂസിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മക്രേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര തീർത്ഥാടന ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മ്യൂസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിവര സാങ്കേതിക വിദ്യയുടെ യുഗമാണ് ഇത്. അറിവുകൾ വേഗത്തിൽ പകർന്നു നൽകപ്പെടുന്നു. നുണകളും ഇക്കാലത്ത് അതിവേഗതയിലാണ് പ്രചരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മ്യൂസിയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. കേരളത്തിന്റെ തനത് സംഗീത പാരമ്പര്യം വിളംബരം ചെയ്യുന്ന സോപാന സംഗീതവുമായി ബന്ധപ്പെട്ട മ്യൂസിയം ആണിത്. കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ നിരവധി മ്യൂസിയങ്ങളാണ് നാട്ടിൽ ആരംഭിച്ചിട്ടുള്ളത്. 25 ആധുനിക മ്യൂസിയങ്ങളാണ് സംസ്ഥാനത്ത് സർക്കാർ നിർമ്മിച്ചത്. 20 മ്യൂസിയം പദ്ധതികളുടെ നിർമ്മാണം പുരോഗമിച്ചു വരികയാണ്.
കണ്ണൂരിൽ മാത്രം അഞ്ച് മ്യൂസിയങ്ങൾ ഉണ്ട്. ആറാമത്തേതായ എ.കെ.ജി മ്യൂസിയം ഉടൻ പൂർത്തിയാകും. കണ്ണൂരിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് വലിയ മുതൽക്കൂട്ടാകും ഇത്തരം മ്യൂസിയങ്ങൾ. കേരളത്തിന്റെ ചരിത്രം, സംസ്‌കാരം ഇവയെല്ലാം വരും തലമുറയ്ക്ക് പകർന്നു കൊടുക്കാൻ മ്യൂസിയങ്ങൾ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2500 ചതുരശ്ര അടി വിസ്തൃതിയുള്ള ഊട്ടുപുര ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ചുറ്റമ്പലത്തിന്റെ കല്ല് പാകൽ, ലാൻഡ് സ്‌കേപ്പിംഗ്, നടപ്പാത നിർമ്മാണം തുടങ്ങിയവയും ഇവിടെ നിർവഹിച്ചിട്ടുണ്ട്. ഇവയെല്ലാം കൂടി ഒരുകോടി 98 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷം എടുത്താൽ 600 കോടിയോളം രൂപ വിവിധ ദേവസ്വങ്ങൾക്കും അവിടങ്ങളിൽ നടപ്പാക്കിയ പദ്ധതികൾക്കുമായി സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. പക്ഷേ, സംസ്ഥാന സർക്കാർ ക്ഷേത്രങ്ങളിലെ പണം എടുക്കുന്നു എന്ന രീതിയിലാണ് പ്രചരണം നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |