കണ്ണൂർ: ടൂറിസം രംഗത്തെ മുന്നേറ്റത്തിന് അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് ലഭിച്ച ചാൽ ബീച്ചിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഔദ്യോഗിക പതാക ഉയർത്തി. ജനങ്ങളെയാകെ അണിനിരത്തി നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് ഈ നേട്ടമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം ജനങ്ങൾക്ക് വേണ്ടിയാണ്. അവരാണ് വിനോദ സഞ്ചാരത്തിന്റെ ബ്രാൻഡ് അംബാസിഡർമാർ. പ്രാദേശികമായ സുസ്ഥിര വികസനത്തിന് ടൂറിസം രംഗത്തെ വികസനം അനിവാര്യമാണ്. കൂടുതൽ സഞ്ചാരികൾ എത്തുമ്പോൾ പ്രദേശത്തിന്റെ എല്ലാ മേഖലയിലും വികസനമുണ്ടാകും. കേരളത്തിന് ടൂറിസം രംഗത്ത് അനന്ത സാധ്യതകളാണുള്ളതെന്നും മന്ത്രി പറഞ്ഞു.
ചാൽ ബീച്ചിൽ കൂടുതൽ സൗകര്യം ഒരുക്കുമെന്നും വിഷുക്കൈനീട്ടമായി സംസ്ഥാന സർക്കാർ ഇവിടെ പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും ഇതിനായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പരിപാടിയിൽ കെ.വി സുമേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ വികസന കമ്മീഷണർ കാർത്തിക് പാണിഗ്രഹി, മുൻ എം.എൽ.എ പ്രകാശൻ എന്നിവർ മുഖ്യാതിഥികളായി.
ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജുക്കേഷനാണ്ബ്ലൂ ഫ്ലാഗ് അംഗീകാരം നൽകുന്നത്. കേരളത്തിൽ മുൻപ് കാപ്പാട് ബീച്ച് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. പരിപാടിയിൽ ബ്ലു ഫ്ലാഗ് നേട്ടത്തിനായി പ്രയത്നിച്ച ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കുടുംബശ്രീ, ഹരിതകർമസേന അംഗങ്ങളെയും അഴീക്കൽ കോസ്റ്റൽ പൊലീസിനെയും മന്ത്രി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |