കഞ്ചിക്കോട്: സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും കഞ്ചിക്കോട് കിൻഫ്ര പാർക്കിലെ ശുദ്ധജല പദ്ധതി അനിശ്ചിതത്വത്തിൽ. സംസ്ഥാന സർക്കാർ കനിഞ്ഞെങ്കിലും റെയിൽവേ കനിയാത്തതാണ് കാരണം. ബദൽ സംവിധാനം ഒരുക്കാൻ സ്വകാര്യ വ്യക്തിയുടെ നിസഹകരണവും തടസമായി. ഫണ്ട് ഉണ്ടായിട്ടും പദ്ധതി തുടങ്ങാൻ കഴിയാതെ മഴവെള്ള സംഭരണത്തെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് കിൻഫ്ര പാർക്ക്. മലമ്പുഴ ഡാമിൽ നിന്ന് പാർക്കിലേക്ക് വെള്ളം എത്തിക്കാൻ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ കഴിയാത്തതാണ് പ്രധാന തടസം. നിലവിൽ അഞ്ചേക്കർ സ്ഥലത്ത് ഒരുക്കിയ മഴവെള്ള സംഭരണിയിലെ വെള്ളമാണ് കിൻഫ്ര പാർക്കിൽ ഉപയോഗിക്കുന്നത്.
പൈപ്പ് സ്ഥാപിക്കാൻ സ്ഥലമില്ല
കഞ്ചിക്കോട് വ്യവസായ മേഖലയിലെ കിൻഫ്ര ഇന്റഗ്രേറ്റഡ് ടെക്സ്‌റ്റൈൽസ് പാർക്കിൽ 12.5 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന് 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ 7 കോടി രൂപയും ഇത്തവണ ആറരകോടി രൂപയും പ്ലാന്റിനായി അനുവദിച്ചിട്ടുണ്ട്. എന്നാൽ പ്ലാന്റിലേക്ക് വെള്ളമെത്തിക്കാൻ റെയിൽവേ ലൈനിന് സമാന്തരമായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ റെയിൽവേ അനുമതി നിഷേധിച്ചതോടെ പദ്ധതി കുരുക്കിലായി. ഒടുവിൽ റെയിൽവേ ട്രാക്കിന് അടിയിലൂടെ പൈപ്പ് ലൈൻ കൊണ്ടു പോകാൻ റെയിൽവെ അനുമതി നൽകി. പക്ഷെ ഉപാധികളോടെയായിരുന്നു ഈ അനുമതി. പൈപ്പ് ലൈൻ തുടങ്ങുന്ന ഭാഗവും അവസാനിക്കുന്ന ഭാഗവും റെയിൽവേയുടെ സ്ഥലം ആയിരിക്കരുതെന്നാണ് നിബന്ധന. ഇതോടെ പരിസരത്ത് സ്ഥലമുള്ള സ്വകാര്യ വ്യക്തിയുടെ സഹകരണം അനിവാര്യമായി. പക്ഷെ സ്വകാര്യ വ്യക്തി ഇതുവരെയായും സമ്മതപത്രം നൽകാൻ തയ്യാറായിട്ടില്ല. ഇതോടെ മലമ്പുഴ ഡാമിൽ നിന്നും കിൻഫ്ര പാർക്കിലേക്ക് വെള്ളം എത്തിക്കുകയെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയാതെ വന്നിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |