തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഒളിവിൽപോയ സുകാന്തിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള നടപടി തുടങ്ങിയതായി സൂചന. കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥനായ സുകാന്ത് പ്രൊബേഷൻ പിരീഡിലാണ്. കേസിൽ ഇയാളെ പൊലീസ് പ്രതിയാക്കിയിരുന്നു. ജോലിയിൽ നിന്ന് അവധിയെടുത്താണ് ഇയാൾ കുടുംബത്തോടൊപ്പം ഒളിവിൽ പോയത്.
അതേസമയം, 20 ദിവസമായിട്ടും സുകാന്തിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. രണ്ട് സംഘമായാണ് ഇയാൾക്കായി തെരച്ചിൽ നടത്തുന്നത്. ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ പൊലീസ് കാട്ടിയ ഉപേക്ഷയാണ് പ്രതി ഒളിവിൽ പോകാൻ കാരണമെന്ന് ഐ.ബി ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിക്കുന്നു.
മരണത്തിന് കാരണം സുകാന്താണെന്ന് തുടക്കത്തിൽ തന്നെ യുവതിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. എന്നാൽ, ഇയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായില്ല. മരിക്കുന്നതിന് തൊട്ടുമുമ്പും യുവതി സുകാന്തുമായി സംസാരിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. സുകാന്തിന്റെ ഭാഗത്തു നിന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് യുവതിയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |