പത്തനംതിട്ട : ജെറുസലെമിലേക്ക് യേശു നടത്തിയ ജയോത്സവ പ്രവേശനത്തിന്റെ സ്മരണയിൽ കുരുത്തോലകളും പൂക്കളുമായി വിശ്വാസികൾ ഓശാന തിരുനാൾ കൊണ്ടാടി. ദേവാലയങ്ങളിൽ ഇന്നലെ രാവിലെ വിശുദ്ധ കുർബാനയോടനുബന്ധിച്ചായിരുന്നു ഓശാന ശുശ്രൂഷകൾ. കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം എന്നിവ ഇതോടനുബന്ധിച്ചു നടന്നു. കുരുത്തോലയമേന്തി ദേവാലയത്തിനു പുറത്തേക്ക് നടത്തിയ പ്രദക്ഷിണത്തിൽ വിശ്വാസികൾ പ്രാർത്ഥനയോടെ പങ്കെടുത്തു. ഓശാന ഗീതങ്ങൾ ആലപിച്ച് കുട്ടികൾ പൂക്കൾ വാരിവിതറി.
തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പുന്നവേലി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. മേക്കൊഴൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും വല്യയന്തി സെന്റ് തോമസ് ദേവാലയത്തിൽ രൂപത പ്രഥമ അദ്ധ്യക്ഷൻ ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റവും ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. പത്തനംതിട്ട മേരിമാതാ ഫൊറോന ദേവാലയത്തിലെ ശുശ്രൂഷകൾക്ക് വികാരി ഫാ.സെബാസ്റ്റ്യൻ മാടപ്പള്ളിൽ നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |