തിരുവനന്തപുരം: പുസ്തകങ്ങളും നോട്ടുബുക്കുകളും പൊതിയാൻ പ്ലാസ്റ്റിക് കോട്ടിംഗ് ഒഴിവാക്കിയുള്ള 'ഈസ് റാപ്പ്' എന്ന പരിസ്ഥിതി സൗഹൃദ ബ്രൗൺപേപ്പർ നിർമ്മിച്ച് പത്താംക്ളാസുകാരി മരിയെൽ സൂസൻ അലക്സാണ്ടർ. മറ്റ് ബ്രൗൺപേപ്പറുകൾ പൊതിയാനുള്ള സമയവും ഇതിനുവേണ്ട. 30 സെക്കൻഡിൽ ഒരു പുസ്തകം പൊതിയാം. ഫെബ്രുവരിയിൽ തുടങ്ങിയ 'ജെൻസിനോവ' എന്ന സംരംഭത്തിലൂടെ ഇതുവരെ ലഭിച്ചത് 10 ലക്ഷത്തിന്റെ വരുമാനം.
പ്ലാസ്റ്റിക് കോട്ടിംഗുള്ള ബ്രൗൺപേപ്പറുകൾ കുട്ടികൾക്ക് ആരോഗ്യപ്രശ്നവും പരിസ്ഥിതിക്ക് കോട്ടവും വരുത്തുന്നു എന്ന കണ്ടാണ് മരിയെലിന്റെ കണ്ടുപിടിത്തം. പ്ലാസ്റ്റിക്കിന് പകരം സസ്യ എണ്ണയിൽ നിന്നും തയ്യാറാക്കിയ ബയോകോട്ടിംഗ് ഉപയോഗിച്ചാണ് നിർമ്മാണം. വെർജിൻ ക്രാഫ്റ്റ് പേപ്പറുകളാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് പോലെ വെള്ളം നനഞ്ഞാലും കുഴപ്പമുണ്ടാകില്ല.
കേക്ക് ഫിറ്റായി നിൽക്കുന്ന ഒരു പെട്ടിപോലെ ഓരോ പുസ്തകത്തിന്റെയും അളവിലാണ് ഈസ് റാപ്പറുകൾ. അതിനുമുകളിൽ പുസ്തകം വച്ച് അറ്റങ്ങൾ മടക്കിയാൽ മതി. സാധാരണ ബ്രൗൺ പേപ്പറുകൾ ഓരോ പുസ്തകത്തിനും പാകമായ രീതിയിൽ മുറിച്ചാണ് പൊതിയുക. അതിനാൽ കുറച്ചധികം സമയമെടുക്കും.
1000 കുട്ടികൾ ഉപയോഗിക്കുന്ന സാധാരണ ബ്രൗൺ പേപ്പറുകളിൽ ഏതാണ്ട് ആറുകിലോഗ്രാം പ്ലാസ്റ്രിക് അടങ്ങിയിട്ടുണ്ടാകും. കേരളത്തിലെ മുഴുവൻ കുട്ടികളുടേയും കണക്കെടുത്താൽ പ്രതിവർഷം 24ടൺ പ്ലാസ്റ്റിക്. ഈസ് റാപ്പിലൂടെ ഇത് ഒഴിവാക്കാം.
കഴക്കൂട്ടം സെന്റ് തോമസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ് ശ്രീകാര്യം സ്വദേശിയായ 15കാരി മരിയെൽ. പാപ്പനംകോട് ആസ്ഥാനമായ വാർസ്യ എക്കോ സൊല്യൂഷൻസ് എന്ന കമ്പനി നിർമ്മാണത്തിന് സഹായിച്ചു. അമ്മ ലിനിയുടെ സംരംഭമായ ബൈലിൻ മെഡ്ടെക്കും പിന്തുണച്ചു. അച്ഛൻ ഓർത്തോഡോണ്ടിസ്റ്റായ ഡോ.അലക്സാണ്ടർ. സഹോദരിമാർ ഇസബെൽ, മിഷേൽ.
മൂന്ന് സൈസ്, 8-12 രൂപ
സ്മോൾ,മീഡിയം,ലാർജ് സൈസുകളുണ്ട്. 8 മുതൽ 12രൂപവരെ വില. അടുത്തയാഴ്ച മുതൽ ഓൺലൈനായും ലഭ്യമാക്കും. ഡി.വൈ.എഫ്.ഐയുടെ സ്റ്റാർട്ടപ്പ് ഇവന്റായ മവാസോയിൽ മന്ത്രി മുഹമ്മദ് റിയാസും സാഹിത്യകാരൻ ബെന്യാമിനും ചേർന്നാണ് പുറത്തിറക്കിയത്. സാധാരണ റാപ്പറിനെക്കാൾ കൂടുതൽ കാലം നിലനിൽക്കും.
''ഞങ്ങൾ മൂന്നു മക്കൾക്ക് പുസ്തകം പൊതിയാൻ അമ്മ കുറേ ബുദ്ധിമുട്ടിയിട്ടുണ്ട്. ആ അവസ്ഥ മാറ്റുന്നതായിരുന്നു ലക്ഷ്യം
-മരിയെൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |