കീവ്: യുക്രെയിനിൽ റഷ്യ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം 32 പേർ കൊല്ലപ്പെട്ടു. 84 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കും. ഇന്നലെ പ്രാദേശിക സമയം,രാവിലെ 10.15ന് വടക്കൻ നഗരമായ സുമിയുടെ ജനസാന്ദ്രതയേറിയ ഹൃദയ ഭാഗത്തേക്ക് റഷ്യയുടെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ചീറിപ്പാഞ്ഞെത്തുകയായിരുന്നു. സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിക്ക് സമീപമാണ് ആക്രമണമുണ്ടായത്. 20ലേറെ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ട്.
യുക്രെയിനിൽ ഇക്കൊല്ലം റഷ്യ നടത്തിയ വിനാശകരമായ ആക്രമണങ്ങളിൽ ഒന്നാണിത്. ആക്രമണത്തെ ശക്തമായി അപലപിച്ച യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി,റഷ്യക്കെതിരെ അന്താരാഷ്ട്രതലത്തിൽ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
ഓശാന ഞായറായതിനാൽ പള്ളിയിൽ പോകാനും മറ്റുമായി ജനങ്ങൾ പുറത്തിറങ്ങുമെന്നതിനാൽ റഷ്യ ബോധപൂർവ്വം ആക്രമിക്കുകയായിരുന്നെന്നും സെലെൻസ്കി ഓർമ്മിപ്പിച്ചു. ആക്രമണത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല.
യുക്രെയിൻ യുദ്ധ പരിഹാര ചർച്ചയ്ക്കായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി വെള്ളിയാഴ്ച മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയ്യാറല്ല എന്നാണ് സുമിയിലെ ആക്രമണത്തിലൂടെ വ്യക്തമാകുന്നതെന്ന് യുക്രെയിൻ ചൂണ്ടിക്കാട്ടി.
2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയിനിൽ ആക്രമണം തുടങ്ങിയത്. നിലവിൽ യുക്രെയിന്റെ 20 ശതമാനം പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാണ്.
തകർത്തെറിഞ്ഞ് ഇസ്‌കൻഡർ
ഇസ്‌കൻഡർ - എം ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് റഷ്യ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് യുക്രെയിൻ ഇന്റലിജൻസ് സർവീസ് പറഞ്ഞു. റഷ്യയിലെ കുർസ്ക്, വൊറോനെഷ് നഗരങ്ങളിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. യുക്രെയിനിൽ ആക്രമണം തുടങ്ങിയത് മുതൽ റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന മിസൈലാണ് ഇസ്‌കൻഡർ. 500 കിലോമീറ്റർ വരെ പ്രഹരപരിധിയുള്ള ആണവ ശേഷിയുള്ള മിസൈലാണ്. സെക്കൻഡിൽ 2100- 2600 മീറ്റർ വരെയാണ് വേഗത.
ഇന്ത്യൻ കമ്പനിക്ക് നേരെ ആക്രമണം
ഇതിനിടെ, കീവിൽ 'കുസും ഹെൽത്ത്‌കെയർ " എന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഗോഡൗൺ റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്നെന്ന ആരോപണവുമായി യുക്രെയിൻ രംഗത്തി. ഇന്ത്യയുമായി പ്രത്യേക സൗഹൃദമാണെന്ന് പറയുന്ന റഷ്യ, ഇന്ത്യൻ സ്ഥാപനത്തെ ബോധപൂർവ്വം ലക്ഷ്യമിട്ടെന്നും കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകൾ നശിപ്പിച്ചെന്നും ഇന്ത്യയിലെ യുക്രെയിൻ എംബസി ആരോപിച്ചു. ശനിയാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |