കാസർകോട്: കടയ്ക്കുള്ളിൽ വച്ച് ടിന്നർ ഒഴിച്ച് തീകൊളുത്തിയതിനെത്തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർകോട് ബേഡഡുക്ക മണ്ണെടുക്കത്തെ വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തിയിരുന്ന സി രമിത (27) ആണ് മരിച്ചത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണിച്ചർ കട നടത്തിപ്പുകാരനായ തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) ആണ് യുവതിയെ ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്നമുണ്ടാക്കുന്നതായി രമിത കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പട്ടു. ഇതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം എട്ടിനായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രാമാമൃതം ഫർണിച്ചർ ജോലിക്കായി ഉപയോഗിക്കുന്ന തിന്നർ രമിതയുടെ ശരീരത്തിലൊഴിച്ചതിനുശേഷം കയ്യിൽ കരുതിയിരുന്ന പന്തത്തിന് തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിന് തീപിടിച്ചതാണെന്ന് കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനിടെ ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബസ് ജീവനക്കാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന എട്ടുവയസുകാരനായ മകനും സഹപാഠിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
രാമാമൃതം രമിതയ്ക്കെതിരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. റിമാന്റിൽ കഴിയുന്ന രാമാമൃതത്തിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |