ലോകത്തിലെ രണ്ട് വൻ ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ലോകത്തിന്റെയാകെ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് പൊതുവെ നിലനിൽക്കുന്നത്. തീരുവ വർദ്ധിപ്പിക്കലിൽ മാത്രം ഈ യുദ്ധം ഒതുങ്ങിനിൽക്കാനിടയില്ല. കറൻസിയിലേക്കും ബോണ്ടുകളിലേക്കുമെല്ലാം ഇത് വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. യു.എസ് ഡോളർ മൂന്നു വർഷത്തെ ഏറ്റവും താഴ്‌ന്ന നിലയിലെത്തി. യു.എസ് ട്രഷറി ബോണ്ടിലും കൂട്ട വിൽപ്പന ഉണ്ടായി. സാധനങ്ങൾക്ക് വില ഉയരുന്നതിന്റെ പേരിൽ അമേരിക്കയിലും വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായതിനാൽ യു.എസ് പ്രസിഡന്റ് അറുപതോളം രാജ്യങ്ങൾക്കെതിരെ പ്രഖ്യാപിച്ച ഉയർന്ന തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.
എന്നാൽ ചൈനയ്ക്കെതിരെ അമേരിക്ക ചുമത്തിയ പകരച്ചുങ്കം മരവിപ്പിച്ചെല്ലെന്നു മാത്രമല്ല, 145 ശതമാനമായി ഉയർത്തുകയും ചെയ്തു. യു.എസ് ഉത്‌പന്നങ്ങൾക്ക് 125 ശതമാനം തീരുവ ഏർപ്പെടുത്തി ചൈന തിരിച്ചടി നൽകിയതിനു പുറമെ ലോക വ്യാപാര സംഘടനയിൽ ചൈന പരാതി സമർപ്പിക്കുകയും ചെയ്തു. വ്യാപാര യുദ്ധത്തിൽ വിജയികളുണ്ടാകില്ലെന്നും എല്ലാവരും പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈനീസ് സാധനങ്ങളുടെ വില കൂടുമ്പോൾ ഇന്ത്യൻ സാധനങ്ങൾക്ക് യു.എസിൽ ഡിമാന്റ് കൂടാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഈ തീരുവ യുദ്ധം ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടാൽ പ്രത്യാഘാതം പ്രവചനാതീതമായിരിക്കും. പല വലിയ വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടലിനെ നേരിടേണ്ടിവരികയോ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടേണ്ടി വരികയോ ചെയ്തേക്കാം.
ട്രംപിന്റെ ഉയർന്ന തീരുവ മൂലം സ്‌മാർട്ട് ഫോൺ നിർമ്മാതാക്കളായ ആപ്പിളും സാംസംഗും അടക്കമുള്ളവ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച വാർത്തകൾ വരുന്നുണ്ട്. ഐ ഫോണിന്റെ ഏറ്റവും വലിയ വിപണി അമേരിക്കയാണ്. എന്നാൽ, അമേരിക്കയിൽ വിറ്റഴിയുന്ന ഐ ഫോണിന്റെ 80 ശതമാനവും നിർമ്മിക്കുന്നത് ചൈനയിലാണ്. അവശേഷിക്കുന്ന 20 ശതമാനം ഇന്ത്യയിലും. ഉയർന്ന തീരുവ പ്രഖ്യാപനത്തിനു പിന്നാലെ ആപ്പിൾ ഇന്ത്യയിലെ ഉത്‌പാദനം വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇതിനിടെ ഉയർന്ന തീരുവയിൽ നിന്ന് സ്‌മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ഹാർഡ് ഡ്രൈവുകൾ, പ്രോസസറുകൾ, മെമ്മറി ചിപ്പുകൾ തുടങ്ങിയവയെ യു.എസ് ഒഴിവാക്കിയിരിക്കുകയാണ്. ഇവ അമേരിക്കയിൽ വൻതോതിൽ ഉത്‌പാദിപ്പിക്കപ്പെടുന്നില്ല. അമേരിക്കൻ കമ്പനികൾ ഇവ വാങ്ങുന്നത് പ്രധാനമായും ചൈനയിൽ നിന്നാണ്.
രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ള ട്രംപിന്റെ തീരുമാനങ്ങൾ ലോക സാമ്പത്തിക ക്രമത്തിൽ ആശാസ്യമല്ലാത്ത സാഹചര്യം സൃഷ്ടിച്ചാൽ ട്രംപിന് പല തീരുമാനങ്ങളിൽ നിന്നും പിന്തിരിയേണ്ടിയും വന്നേക്കാം. അതുപോലെ, ആഭ്യന്തര ഉത്‌പാദനം വർദ്ധിപ്പിച്ച് ഇറക്കുമതി കുറയ്ക്കാനുള്ള ട്രംപിന്റെ തീരുമാനവും ചെലവേറുമെന്നതിനാൽ ഭാവിയിൽ പാളിപ്പോകാനാണ് സാദ്ധ്യത. അതിനിടെ, തീരുവയിൽ ഇളവു തേടിയുള്ള വ്യാപാരക്കരാറുകൾക്കായി ഇന്ത്യയും യൂറോപ്യൻ യൂണിയനുമൊക്കെ ശ്രമങ്ങൾ നടത്തിവരികയാണ്. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര കരാർ സാദ്ധ്യമായാൽ ഓഹരി വിപണികളിൽ പുതിയ ഉണർവ് സൃഷ്ടിക്കാനും ഇത് ഇടയാക്കാം. ട്രംപിന്റെ പകരച്ചുങ്കം നടപടി ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ആശങ്കാജനകമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |