കാങ്കോൽ: സൈനിക യൂണിഫോം സ്വപ്നം കാണുന്ന യുവാക്കൾക്ക് ഒരു രൂപ പോലും പ്രതിഫലം പറ്റാതെ പരിശീലനം നൽകി ലക്ഷ്യത്തിലെത്തിക്കുന്നതിന് വിയർപ്പൊഴുക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. ദേശീയതലം വരെ അത്ലറ്റായി മത്സരിച്ച അഖിൽദാസിന് കീഴിൽ കാങ്കോൽ ശിവക്ഷേത്ര മൈതാനിയിൽ വിയർപ്പൊഴുക്കിയ യുവാക്കളിൽ ഇതിനകം വിവിധ സേനകളുടെ യൂണിഫോം അണിയുന്ന നിരവധി പേരുണ്ട്.
കഠിനമായ പരിശീലനമാണ് ഈ ക്ഷേത്രമൈതാനത്ത്. 110 മീറ്റർ ഹർഡിലിൽ ദേശീയതലത്തിൽ മത്സരിച്ചിട്ടുള്ള അഖിലിന്റെ ഉച്ചത്തിലുള്ള നിർദ്ദേശങ്ങളും ഇവിടെ മുഴങ്ങുന്നു. മഴയും വെയിലുമെല്ലാം അവഗണിച്ച് ചിട്ടയായ പരിശീലനം. ശാസ്ത്രീയമായ പരിശീലനങ്ങളാണ് ഇത്തരം ജോലികൾക്ക് ആവശ്യം. സാധാരണ നിലയിൽ ഇക്കാലത്ത് ഇത് അത്യന്തം ചെലവേറിയതാണ്. കാങ്കോലിലെ ഫാസ്റ്റ് അക്കാഡമിയും 29കാരനായ പരിശീലകൻ അഖിലും വ്യത്യസ്തരാകുന്നത് ഈ ചിലവ് കുറയുന്നിടത്ത് കൂടിയാണ്.
അഖിലിന്റെ പരിശീലന മികവ് കാരണം വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ പ്രാക്ടീസിനായി കാങ്കോലിലേക്ക് എത്തുന്നു. പ്രമുഖ കായികാദ്ധ്യാപകൻ എ.കരുണാകരന്റെ പൂർണ പിന്തുണയും സഹായവും തനിക്ക് ലഭിക്കുന്നതായി അഖിൽ പറയുന്നു. കരുണാകരൻ മാഷും ഈ പരിശീലന കളരിയിൽ മേൽനോട്ടങ്ങളുമായി കൂടെ ഉണ്ടാകാറുണ്ട്.
വിവിധ സേനകളിൽ എഴുത്തുപരീക്ഷകൾ പാസ്സായി കായികക്ഷമത ടെസ്റ്റിന് തയ്യാറെടുക്കുന്നവർ മുതൽ അന്തർ ദേശീയ സ്‌പോർട്സ് താരങ്ങൾ വരെ അഖിലിന് കീഴിൽ പരിശീലനം നേടുന്നുണ്ട്. കുട്ടികൾക്കായുള്ള കായിക ക്ഷമത പരിശീലനവും ഇതിനൊപ്പം നടക്കുന്നു. വിവിധ ക്യാമ്പുകൾ, മത്സര പരിശീലനം എന്നിവയ്ക്കും ഫാസ്റ്റ് അക്കാഡമി പ്രധാന്യം നൽകുന്നു.മാത്തിൽ സർവീസ് ബാങ്ക് പ്രസിഡന്റ് പി.ശശീധരന്റേയും പങ്കജാക്ഷിയുടേയും മകനാണ് അഖിൽ. ഭാര്യ:ശിൽപ്പ.ബിസിനസാണ് അഖിലിന്റെ ഉപജീവനമാർഗം.
തുടക്കം പത്തുവർഷം മുൻപ്
പത്തു വർഷം മുമ്പാണ് കാങ്കോൽ ഫിറ്റ്നസ് അക്കാഡമി എന്ന പേരിൽ സൗജന്യ കായിക പരിശീലനത്തിന് തുടക്കം കുറിച്ചത്. സർവ്വീസസ് താരവും കായിക പരിശീലകനുമായ ക്യാപ്റ്റൻ രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ഇത്. രവീന്ദ്രന്റെ നിര്യാണത്തെ തുടർന്ന് കായികാദ്ധ്യാപകനും പരിശീലകനുമായ എ.കരുണാകരനും കായികതാരം അഖിൽദാസും തുടർ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.
ഫാസ്റ്റാണ് അക്കാഡമി
1.തികച്ചും സൗജന്യമായ പരിശീലനം
2 കഴിഞ്ഞ വർഷം വിവിധ തസ്തികകളിൽ ഫിസിക്കൽ ടെസ്റ്റ് പാസായത് 137 പേർ
3 ഈ വർഷം ഇതിനോടകം തന്നെ 30 പേർ ജോലിയിൽ പ്രവേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |