കൊച്ചി: എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കുന്നതോടെ മാസപ്പടി കേസിൽ കള്ളപ്പണയിടപാട് നടന്നോയെന്ന അന്വേഷണം ഇ.ഡി ആരംഭിച്ചേക്കും. വീണാ വിജയൻ ഉൾപ്പെടെ കുറ്റപത്രത്തിൽ പ്രതികളായവരെ ചോദ്യം ചെയ്യാനും ഇ.ഡിക്ക് അധികാരമുണ്ട്. വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാകും ആദ്യനടപടി. സി.എം.ആർ.എൽ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. ബന്ധപ്പെട്ട രേഖകളും പരിശോധിക്കും. കള്ളപ്പണയിടപാട് കണ്ടെത്താനായാൽ അറസ്റ്റ് ഉൾപ്പെടെ നടപടികളും സ്വീകരിക്കും. അന്വേഷണം പൂർത്തിയാക്കി കള്ളപ്പണ വിനിയോഗ നിരോധന നിയമം (പി.എം.എൽ.എ ) അനുസരിച്ച് പ്രതികൾ വിചാരണ നേരിടണമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. എക്‌സാ ലോജിക്കിന് കൈമാറിയ തുക കള്ളപ്പണമാണോയെന്നത് മാത്രമാണ് ഇ.ഡി അന്വേഷിക്കുക.
എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രം എറണാകുളം അഡിഷണൽ സെഷൻസ് കോടതി അംഗീകരിച്ചിരുന്നു. കുറ്റപത്രത്തിന്റെ പകർപ്പ് ഇ.ഡിക്ക് നൽകാനും ഉത്തരവിട്ടിട്ടുണ്ട്. സ്വകാര്യ സ്ഥാപനമായ സി.എം.ആർ.എല്ലുമായി വീണാ വിജയന്റെ സ്ഥാപനമായ എക്‌സാ ലോജിക് ഒപ്പിട്ട കരാറിന്റെ പേരിൽ 2.7 കോടി രൂപ കൈമാറിയത് നൽകാത്ത സേവനത്തിനെന്നാണ് എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തൽ. കുറ്റപത്രം വിശദമായി പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |