മണ്ണടി: ശബരിമല സന്നിധാനത്തെത്തി അയ്യപ്പസ്വാമിക്ക് വിവാഹക്ഷണക്കത്ത് നൽകി ശ്രദ്ധനേടിയ പോസ്റ്റുമാൻ വിഷ്‌ണു ജി വിവാഹിതനായി. കഴിഞ്ഞ ദിവസം കലഞ്ഞൂർ മഹാദേവക്ഷേത്ര സന്നിധിയിൽ വധു വീണയ്ക്ക് വിഷ്ണു താലിചാർത്തി. പത്തനംതിട്ട പോസ്റ്റോഫീസിലെ പോസ്റ്റുമാനാണ് വിഷ്ണു.
കഴിഞ്ഞ രണ്ടുവർഷമായി മണ്ഡലകാലത്ത് ശബരിമല ഡ്യൂട്ടി ലഭിക്കുന്നതിനാൽ അയ്യപ്പന്റെ സ്വന്തം പോസ്റ്റുമാനായി വിഷ്ണു മണ്ഡലകാലത്ത് മാറും. കഴിഞ്ഞ ജനുവരിയിൽ വിഷ്‌ണു വിവാഹക്ഷണക്കത്തുമായി സന്നിധാനത്ത് എത്തി. ഭഗവാനെ വിവാഹം ക്ഷണിച്ചു തൊഴുതു പ്രാർത്ഥിച്ചു. ഔപചാരികമായി സന്നിധാനം എക്സിക്യൂട്ടീവ് ഓഫീസർക്ക് ഭഗവാനുള്ള ക്ഷണക്കത്ത് കൈമാറി.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ വിവാഹം ആദ്യം അറിയിക്കേണ്ടതും ക്ഷണിക്കേണ്ടതും ഭഗവാനെയാണെന്ന ചിന്തയിലാണ് അയ്യപ്പസ്വാമിയെ കാണാൻ വിവാഹക്ഷണക്കത്തുമായി പോയത്. ശബരിമല ഡ്യൂട്ടിയും വിവാഹവും അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്നും വിഷ്ണു കേരളകൗമുദിയോട് പറഞ്ഞു. അടൂർ മണ്ണടി വൈശാഖത്തിൽ കെ.ഗോപകുമാറിന്റെയും ശ്രീജകുമാരിയുടെയും മകനാണ് വിഷ്‌ണു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |